തിങ്കളാഴ്ച സൂര്യാസ്തമയം മുതൽ പ്രാബല്യത്തിൽ വന്ന താൽക്കാലിക വെടിനിർത്തലിന് സുഡാനിൽ ധാരണയായി. മുൻപ്രാവശ്യങ്ങളിൽ വെടിനിർത്തൽ നടപടികൾ വേഗത്തിൽ തകർന്നിട്ടുണ്ടെങ്കിലും, ഏറ്റവും പുതിയ ഏഴ് ദിവസത്തിലേക്കുള്ള വെടിനിർത്തൽ നീണ്ടു നിൽക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.
ഏപ്രിൽ 15 മുതൽ സുഡാനിലെ ഖുർത്തൂമിലും മറ്റ് പ്രദേശങ്ങളിലും സായുധ സേനയും അർദ്ധസൈനിക റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സും തമ്മിൽ മാരകമായ ഏറ്റുമുട്ടലുകൾക്ക് സുഡാൻ സാക്ഷ്യം വഹിക്കുന്നു. അക്രമം പൊട്ടിപ്പുറപ്പെട്ടത് മുതൽ, സംഘർഷം ആരംഭിച്ചതിന് ഇരുവിഭാഗവും പരസ്പരം കുറ്റപ്പെടുത്തുകയാണ്. ഈ ആഴ്ച ആദ്യം, കുടിയേറ്റത്തിനായുള്ള അന്തർദേശിയ സംഘടന മാനുഷിക സഹായം നൽകുന്നതിന് 200 ദശലക്ഷം ഡോളറിനായി അഭ്യർത്ഥന ആരംഭിച്ചു.
സുഡാനിൽ ഇത് വരെ 843,000-ത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. വൈദ്യുതി മുടക്കം പതിവായതോടെ ദൈനംദിന ജീവിതവും കൂടുതൽ ദുഷ്‌കരമായിരിക്കുകയാണ്. പ്രധാന വസ്തുക്കളുടെ വില കുതിച്ചുയരുകയും മാവ്, പാചക എണ്ണ തുടങ്ങിയ ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ ക്ഷാമവും രൂക്ഷമാകുകയും ചെയ്തു.
ഏപ്രിൽ 21 നും മെയ് 16 നും ഇടയിൽ, രാജ്യത്തിന്റെ വടക്ക് ഭാഗത്തുള്ള ഒരു ക്രോസിംഗ് പോയിന്റിൽ മാത്രം 64-ലധികം ദേശീയതകളിൽ നിന്ന് 22,600-ലധികം ആളുകൾ പ്രവേശിച്ചു. അതിർത്തി കടന്നെത്തിയവരിൽ ഭൂരിഭാഗവും ഖാർത്തൂമിൽ നിന്നുള്ളവരാണ്. സുഡാനിൽ വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യം അയൽരാജ്യങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും അവയിൽ പലതും സ്വന്തം പ്രതിസന്ധികളെ നേരിടുന്നുണ്ടെന്നും ഐക്യരാഷ്ട്രസഭ പറയുന്നു.
പ്രതിസന്ധികൾക്കിടയിലും സുഡാനിൽ മരുന്നുകളും മെഡിക്കൽ സാമഗ്രികളും എത്തിക്കാൻ ലോകാരോഗ്യ സംഘടനയ്ക്ക് കഴിഞ്ഞു. കഴിഞ്ഞ മാസം പൊട്ടിപ്പുറപ്പെട്ട സംഘർഷത്തിൽ ഇതുവരെ 822 പേർ കൊല്ലപ്പെട്ടതായാണ് രാജ്യത്ത് നിന്നുള്ള ഏറ്റവും പുതിയ കണക്കുകൾ വെളിപ്പെടുത്തുന്നത്.