മണിപ്പൂർ തലസ്ഥാനമായ ഇംഫാലിനടുത്താണ് മെയ്തി, കുകി ഗോത്രവിഭാഗങ്ങൾ തമ്മിൽ വീണ്ടും സംഘർഷം ഉണ്ടായി. പ്രാദേശിക ചന്തയിലെ സ്ഥലത്തെ ചൊല്ലിയുള്ള വാക്കേറ്റം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. സംഘർഷത്തെ തുടർന്ന് കലാപകാരികൾ വീടുകൾ തീവെച്ചു നശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പോലീസ് അറസ്റ്റു ചെയ്തു.
രാവിലെ 10.30-ഓടെയാണ് സംഘർഷമാരംഭിച്ചത്. സംഘർഷം പൊട്ടിപ്പുറപ്പെട്ടതോടെ സൈനിക-അർദ്ധസൈനിക വിഭാഗങ്ങളെ സംഭവ സ്ഥലത്ത് വിന്യസിപ്പിച്ചിട്ടുണ്ട്. പ്രദേശത്ത് വീണ്ടും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്റർനെറ്റ് വിലക്ക് അഞ്ചുദിവസത്തേയ്ക്കു ഏർപ്പെടുത്തിയിരിക്കുകയാണ്. ഒരു മാസത്തോളമായി കലാപം തുടരുന്ന മണിപ്പൂരിൽ സ്ഥിതിഗതികൾ സാധാരണ നിലയിലായി വരുന്നതിനിടെയാണ് വീണ്ടും കലാപമുണ്ടായത്. വിവിധ ഗോത്രവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഇതുവരെ 74-ഓളം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.