സംസ്ഥാനത്തിന്റെ വരുമാന വര്‍ദ്ധനവാണ് ഇത്തവണത്തെ ബജറ്റിന്റെ ലക്ഷ്യമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. പെന്ഷന് പ്രായം വര്‍ദ്ധിപ്പിക്കില്ലെന്ന് വിശദീകരിച്ച മന്ത്രി പക്ഷേ നികുതി വര്‍ദ്ധനവുണ്ടാകുമെന്ന സൂചനയും നല്കുന്നു. നികുതി വര്‍ധന അടുത്തിടെ ഉയര്‍ന്ന് വരുന്നതാണ്. നികുതി വര്‍ധിപ്പിക്കാന്‍ പരിമിധ അവസരങ്ങളേ സംസ്ഥാനത്തിനുള്ളു. എന്നാല്‍ ജനങ്ങളുടെ ബിസിനസിനെയോ ജനങ്ങളുടെ ഉപജീവനത്തെയോ ബാധിക്കുന്ന രീതിയിലേക്ക് നികുതി ഉയര്‍ത്തില്ല. അതേ സമയം കാലോചിതമായി നമുക്ക് ലഭിക്കുന്ന സേവനങ്ങള്‍ക്ക് ജനം നികുതി നല്‍കുകയും വേണം. അതില്ലെങ്കില്‍ സര്‍ക്കാറുകള്‍ ശക്തിപ്പെടില്ല. സമൂഹം ദുര്‍ബലമാകുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന ധനമന്ത്രി കെഎന്‍ ബാലഗോപാലിന്റെ ആദ്യത്തെ സമ്പൂര്‍ണ ബജറ്റാണ് ഈ മാസം 11ന് നിയമസഭയില്‍ അവതരിപ്പിക്കുക. സംസ്ഥാനത്ത് ബജറ്റ് അവതരിപ്പിക്കുന്ന പതിനാറാമത്തെ വ്യക്തിയാണ് ബാലഗോപാല്‍. തെരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിന്റെ പരിഷ്കരിച്ച പതിപ്പ് മാത്രമായിരുന്നു കഴിഞ്ഞ വര്‍ഷം ബാലഗോപാല്‍ അവതരിപ്പിച്ചത്. ഇത്തവണ പ്രതീക്ഷയോടെയാണ് വിവിധ മേഖലകള്‍ ബജറ്റിനെ നോക്കിക്കാണുന്നത്.