എഫ്-16 യുദ്ധവിമാനങ്ങൾ യുക്രൈന് കൈമാറുമെന്ന ജി7 രാജ്യങ്ങളുടെ പ്രഖ്യാപനത്തിനെതിരെ രൂക്ഷ പ്രതികരണവുമായി റഷ്യ രംഗത്ത്. യു.എസിലെ റഷ്യൻ അംബാസഡർ അനറ്റോളി ആന്റണോവാണ് പ്രതികരണം നടത്തിയത്. യുദ്ധ വിമാനങ്ങള്‍ കൈമാറുന്നത് വലിയ പ്രത്യാഘാതം ഉണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ജപ്പാനിലെ ഹിരോഷിമയിൽ സമാപിച്ച ജി-7 ഉച്ചകോടിയിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും ഡച്ച് പ്രധാനമന്ത്രി മാർക് റൂട്ടും ചേർന്നാണ് എഫ്-16 യുദ്ധവിമാനങ്ങള്‍ യുക്രൈന് കൈമാറുമെന്ന് പ്രഖ്യാപിച്ചത്. പിന്നാലെ യുക്രൈന്‍ പൈലറ്റുമാർക്ക് ഈ വിമാനം പറത്താൻ പരിശീലനം നൽകുമെന്ന് യു.എസ് പ്രസിഡന്‍റ് ജോ ബൈഡനും പ്രഖ്യാപിച്ചു. ഇതേ തുടര്‍ന്നാണ് പരസ്യ പ്രതികരണവുമായി റഷ്യ രംഗത്തെത്തിയത്.
‘യുദ്ധത്തിൽ നാറ്റോ നേരിട്ട് ഇടപെടുന്നതിന് തുല്യമാണ് യുക്രൈന് എഫ്-16 വിമാന കൈമാറ്റം. ഇതിന്‍റെ പ്രത്യാഘാതം അതിഗുരുതരമായിരിക്കും’ അനറ്റോളി ആന്റണോവ് പറഞ്ഞു. എഫ്-16 വിമാനങ്ങള്‍ പറത്താനും സൂക്ഷിക്കാനും ആവശ്യമായ സംവിധാനങ്ങൾ യുക്രൈന് ഇല്ലാത്ത പശ്ചാത്തലത്തില്‍ അമേരിക്കൻ വൈമാനികരും എത്തുമ്പോൾ എന്താകും സംഭവിക്കുകയെന്ന് ചിന്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, യുദ്ധവിമാനങ്ങള്‍ കൊണ്ട് റഷ്യൻ മണ്ണിൽ ആക്രമണം നടത്തില്ലെന്ന് യുക്രൈൻ പ്രസിഡന്‍റ് ഉറപ്പ് നല്‍കിയതായും സൂചനയുണ്ട്.