യുഎസ് പ്രസിഡന്റിന്റെ വസതിയുടെ സമീപത്തെ ബാരിയറിലേക്ക് ട്രക്ക് ഓടിച്ചു കയറ്റിയ 19 കാരനെ പോലീസ് അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. പ്രസിഡന്റ് ജോ ബൈഡനെ വധിക്കാനുള്ള ശ്രമമായിരുന്നു ഇതെന്ന് പ്രതി സമ്മതിച്ചതായി പോലീസ് അറിയിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് വിവരം.
ചെസ്റ്റർഫീൽഡിലെ ഡ്രൈവറായ മിസോറി യുവാവാണ് ബാരിയറിലേക്ക് ട്രക്ക് ഓടിച്ചു കയറ്റിയതെന്ന് പോലീസ് അറിയിച്ചു. പ്രസിഡന്റിനെ വധിക്കാന്‍ ആറ് മാസമായി താൻ ആക്രമണം ആസൂത്രണം ചെയ്യുകയായിരുന്നുവെന്നും പ്രതിയായ യുവാവ് മൊഴി നല്കി. യുവാവ് ട്രക്ക് ഒാടിച്ചു കയറ്റുമ്പോള്‍ പ്രസിഡന്റ് ജോ ബൈഡന് വൈറ്റ് ഹൗസില്‍ ഉണ്ടായിരുന്നതായും പ്രസ് സെക്രട്ടറി കരിന്‍ ജിന്‍ പിയറി പറഞ്ഞു.
യുഎസിലെ പ്രത്യേക അന്വേഷണ സംഘം പ്രതിയെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. പ്രാഥമിക അന്വേഷണത്തില്‍ ട്രക്കില്‍ നിന്നും ആയുധങ്ങളോ മറ്റ് സ്ഫോടകവസ്തുക്കളോ കണ്ടെത്തിയിട്ടില്ല. ആശ്രദ്ധമായി മോട്ടോര്‍ വാഹനം ഒാടിക്കല്‍, അതിക്രമിച്ചു കടക്കല്‍, അപകടകരമായ ആയുധം ഉപയോഗിച്ചുള്ള ആക്രമണം എന്നീ കുറ്റങ്ങള്‍ 19 കാരനെതിരെ പോലീസ് ചുമത്തിയിട്ടുണ്ട്.