ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളൽ കുറയ്ക്കുന്നതിന്റെ ഭാഗമായി ആഭ്യന്തര ഹ്രസ്വദൂര വിമാനസർവീസുകൾ റദ്ദാക്കി ഫ്രാൻസ്. ട്രെയിൻമാർഗം സഞ്ചരിച്ച് എത്താവുന്ന സ്ഥലങ്ങൾക്കിടയിലുള്ള വിമാനസർവീസുകളാണ് നിരോധിച്ചത്. പുതിയ തീരുമാനപ്രകാരം ട്രെയിനിൽ രണ്ടര മണിക്കൂറിൽ താഴെ സമയത്തിനുള്ളിൽ സഞ്ചരിച്ചു എത്തിച്ചേരാവുന്ന യാത്രകൾക്ക് വിമാനം ഉപയോഗിക്കാനാവില്ല.
ഈ തീരുമാനം നടപ്പാക്കുന്നതോടെ പാരീസിനെയും നോത്, ലിയോം, ബോർഡോ തുടങ്ങിയ സമീപ പ്രദേശങ്ങളെയും ബന്ധിപ്പിക്കുന്ന വിമാനസർവീസുകൾ ഇല്ലാതാകും. ഈ നടപടി അത്യന്താപേഷിതമായ ചുവടുവെപ്പാണെന്നും ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ കുറയ്ക്കാനുള്ള നയത്തിലെ കരുത്തുറ്റ അടയാളമാണ് ഇതെന്നും ഫ്രഞ്ച് ഗതാഗതമന്ത്രി വെളിപ്പെടുത്തി. ജീവിതശൈലിയിൽ കാർബണിന്റെ അളവ് കുറയ്ക്കാനുള്ള ശ്രമങ്ങൾ തകൃതിയായി നടക്കുമ്പോൾ ട്രെയിനിൽ അതിവേഗം സഞ്ചരിച്ചെത്താവുന്ന ഇടങ്ങളിലേയ്ക്ക് വിമാനം ഉപയോഗിക്കുന്നതിനെ എങ്ങനെ ന്യായീകരിക്കുവാൻ കഴിയും എന്ന് ഗതാഗത മന്ത്രി ചോദിച്ചു.
നിയന്ത്രണത്തിനൊപ്പം വിമാനയാത്ര താൽപര്യപ്പെടുന്ന യാത്രക്കാർക്ക് സൗകര്യപ്രദമായ വിധത്തിൽ ട്രെയിൻ സർവീസുകൾ സജ്ജമാക്കണമെന്നും ഭരണകൂടം നിർദ്ദേശിക്കുന്നു. കൃത്യ സമയങ്ങളിൽ സർവീസുകൾ ഉണ്ടായിരിക്കണമെന്നും സർക്കാർ നിർദ്ദേശത്തിൽ നിഷ്കർഷിക്കുന്നുണ്ട്. ഇത് കൂടാതെ പ്രൈവറ്റ് ജെറ്റുകളുടെ ഉപയോഗത്തിലും പരിധി കൊണ്ടുവരുവാൻ ഒരുങ്ങുകയാണ് ഫ്രാൻസ്.