സംസ്ഥാനത്തെ സ്കൂള്‍ വാഹനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുമായി മോട്ടോര്‍ വാഹനവകുപ്പ്. ജൂണ്‍ ഒന്നു മുതല്‍ പുതിയ അധ്യയന വര്‍ഷം ആരംഭിക്കാനിരിക്കെയാണ് മോട്ടോര്‍ വാഹനവകുപ്പ് രംഗത്തെത്തിയത്. സ്പീഡ് ഗവേണറുകൾ ഉള്‍പ്പടെ സ്കൂൾ വാഹനങ്ങളിൽ നിർബന്ധമാക്കാനും നിര്‍ദ്ദേശമുണ്ട്.
സ്കൂള്‍ വാഹനങ്ങളില്‍ പരമാവധി 50 കിലോമീറ്ററിൽ വേഗം നിജപ്പെടുത്തിയ സ്പീഡ് ഗവേണറുകള്‍ സ്ഥാപിക്കുക, വാഹനങ്ങളിൽ ജി.പി.എസ് സംവിധാനവും ഒപ്പം ഇവ സുരക്ഷ മിത്ര സോഫ്റ്റ്വെയറുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നതും ഉറപ്പാക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് മോട്ടോര്‍ വാഹനവകുപ്പ് നല്‍കിയിരിക്കുന്നത്. സ്പീഡ് ഗവേണറുകളില് 50 കിലോമീറ്റര്‍ വേഗതയും സ്കൂള്‍ മേഖലകളില്‍ കുറഞ്ഞത് 30 കിലോമീറ്റര്‍ വേഗതയുമാണ് നിശ്ചയിച്ചിരിക്കുന്നത്. ഇത് കൂടാതെ സ്കൂള്‍ വാഹനങ്ങളുടെ ഡ്രൈവറുമാര്‍ മദ്യപിച്ച് വാഹനമോടിച്ചതിനോ അപകടകരമായി വാഹനമോടിക്കുന്നതിനോ മറ്റ് കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ടവരോ ആകരുതെന്ന് അധികൃതര്‍ ഉറപ്പുവരുത്തണമെന്നും മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
സ്കൂള്‍ തുറക്കുന്ന ജൂണ്‍ ഒന്നിനു മുന്‍പായി വാഹനങ്ങളുടെ ഫിറ്റ്നസ് ഉറപ്പുവരുത്തണമെന്നും സീറ്റിങ് കപ്പാസിറ്റി അനുസരിച്ച് മാത്രമേ കുട്ടികളെ യാത്ര ചെയ്യാന്‍ അനുവദിക്കാവു എന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. സ്കൂൾ വാഹനങ്ങളെ തത്സമയം നിരീക്ഷിക്കുന്നതിനായി ‘വിദ്യാ വാഹന്‍’ എന്ന മൊബൈൽ ആപ്പും മോട്ടോർ വാഹനവകുപ്പ് തയ്യാറാക്കിട്ടുണ്ട്.