ബ്രിട്ടനിൽ പഠിക്കാനെത്തുന്ന വിദേശ വിദ്യാർഥികൾ കുടുംബാംഗങ്ങളെക്കൂടി കൊണ്ടുവരുന്നതിനു നിയന്ത്രണമേർപ്പെടുത്താൻ ഒരുങ്ങി ബ്രിട്ടൻ. ഇന്ത്യൻ വംശജയായ ആഭ്യന്തര മന്ത്രി സ്യൂവെല്ല ബ്രേവർമാൻ ആണ് പാർലമെന്റിൽ ഈ കാര്യം വെളിപ്പെടുത്തിയത്. പുതിയ തീരുമാനം നിലവിൽ വരുന്നതോടെ ഗവേഷണവുമായി ബന്ധപ്പെട്ട പ്രോഗ്രാമുകളിലെ ഒഴികെയുള്ള ബിരുദാനന്തര പഠനത്തിനെത്തുന്ന വിദ്യാർഥികൾക്ക് ഇനി ആശ്രിതരെ കൊണ്ടുവരാനാകില്ല.
കുടിയേറ്റം നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെ ഋഷി സുനക് സർക്കാർ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമാണ് ഈ നിയമം. ബ്രിട്ടനിൽ തൊഴിൽ തരപ്പെടുത്തുന്നതിനുള്ള പിൻവാതിലായി സ്റ്റുഡന്റ് വീസയെ ഉപയോഗിക്കുന്നതു തടയുകയാണു ഈ നിയമത്തിന്റെ ലക്ഷ്യം. ഒൻപതു മാസവും അതിൽക്കൂടുതൽ കാലവും ബിരുദാനന്തര പഠനത്തിനെത്തുന്ന വിദേശ വിദ്യാർഥികൾക്ക് പങ്കാളികളെയും മക്കളെയും ഒപ്പം കൊണ്ടുവരാൻ ഇതുവരെ അനുമതിയുണ്ടായിരുന്നു. ഇത്തരത്തിൽ ആശ്രിതരായെത്തുന്നവരുടെ എണ്ണം 3 വർഷം കൊണ്ട് ഇരട്ടിയായി സാഹചര്യത്തിൽ ആണ് പുതിയ നിയമം എത്തുന്നത്.
പുതിയ നിയമം വിദേശ വിദ്യാർഥികൾക്ക് ബ്രിട്ടനിൽ പഠനം നടത്തുന്നതിനുള്ള വ്യവസ്ഥകളിൽ മാറ്റം വരുത്തില്ല എന്ന് ബ്രേവർമാൻ പറഞ്ഞു. വിദേശ വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുന്നതു തുടരും. മികച്ച സ്ഥാപനങ്ങളിൽ പഠിക്കുന്ന സമർഥരായ വിദ്യാർഥികൾക്ക് ആശ്രിതരെ കൊണ്ടുവരുന്നതിനു തടസ്സമുണ്ടാകില്ല. ഇതിനുള്ള നിബന്ധനകൾ വാഴ്സിറ്റികളുമായി ആലോചിച്ച് തീരുമാനിക്കും.