ഈ വർഷത്തെ ബുക്കർ ഇന്റർനാഷനൽ പുരസ്കാരത്തിനു അർഹമായി ഗ്യോർഗി ഗോസ്പോഡിനോവ് എഴുതിയ നോവൽ ടൈം ഷെൽറ്റർ. യൂറോപ്യൻ ഗൃഹാതുരത്വത്തിന്റെ തീവ്രവിഷാദം നിറച്ച് എഴുതപ്പെട്ട ഈ നോവൽ ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തിയത് സംഗീതജ്ഞ കൂടിയായ ഏഞ്ചല റോഡലാണ്.
ബൾഗേറിയൻ ഭാഷയിൽ നിന്നൊരു നോവലിന് ഇതാദ്യമാണ് ബുക്കർ സമ്മാനം ലഭിക്കുന്നത്. അൽഷിമേഴ്സ് ബാധിച്ചവർക്ക് ആശ്വാസമേകാനായി കാലഘട്ടങ്ങളുടെ ഓർമകളൊരുക്കി തുറക്കുന്ന ചികിത്സാലയത്തെ മറവിരോഗമില്ലാത്തവരും അഭയകേന്ദ്രമാക്കുന്നതിനെപ്പറ്റിയാണ് ഗോസ്പോഡിനോവിന്റെ നോവൽ. പടിഞ്ഞാറൻ ആശയങ്ങളും കമ്യൂണിസ്റ്റ് ആദർശവും തമ്മിലുള്ള സംഘർഷമനുഭവിച്ച ബൾഗേറിയയുടെ ചരിത്രവും നോവലിലുണ്ട്. ബൾഗേറിയയുടെ ചരിത്രം പറയാതെ പറയാനും അവിടത്തെ ജനങ്ങളുടെ പ്രത്യയശാസ്ത്ര സംഘർഷം അദൃശ്യമായി രേഖപ്പെടുത്തുവാനും ഈ നോവലിന് കഴിഞ്ഞു.
ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തി യുകെയിലോ അയർലൻഡിലോ പ്രസിദ്ധീകരിക്കുന്ന നോവലിനോ കഥാസമാഹാരത്തിനോ നൽകുന്നതാണ് ബുക്കർ ഇന്റർനാഷനൽ പുരസ്കാരം. ഗീതാഞ്ജലി ശ്രീയുടെ ഹിന്ദി നോവൽ ‘റേത് സമാധി’യുടെ ഇംഗ്ലിഷ് പരിഭാഷയായ ‘ടൂം ഓഫ് സാൻഡി’നായിരുന്നു കഴിഞ്ഞ വർഷം പുരസ്കാരം ലഭിച്ചത്.