സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന് സൂചന നൽകുന്ന തരത്തിൽ ജർമ്മനിയുടെ സമ്പദ്‌വ്യവസ്ഥയിൽ ഇടിവ്. ഫെഡറൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസ് വ്യാഴാഴ്ച പുറത്തുവിട്ട കണക്കുകളാണ് രാജ്യം മാന്ദ്യത്തിലേക്കെന്ന് സൂചന നൽകിയത്. ഈ വർഷം ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥ 0.3 ശതമാനമാണ് ഇടിഞ്ഞത്.
2022 ലെ അവസാന മൂന്ന് മാസങ്ങളിൽ 0.5 ശതമാനം ഇടിവ് രേഖപ്പെടുത്തിയതിനു പിന്നാലെയാണ് മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ വീണ്ടും ഇടിവ് ഉണ്ടായത്. ജിഡിപിയിൽ തുടർച്ചയായി ഉണ്ടാകുന്ന ഇടിവ് സാമ്പത്തിക മാന്ദ്യത്തിൻറെ പ്രതിഫലനമാണെന്ന് സാമ്പത്തിക വിദഗ്ദർ വിലയിരുത്തുന്നു. അതിനിടെ, ജർമ്മനിയുടെ സമ്പദ്‌വ്യവസ്ഥ ലോകത്തിലെ വികസിത സമ്പദ്‌വ്യവസ്ഥകളിൽ ഏറ്റവും ദുർബലമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ഇന്റർനാഷണൽ മോണിറ്ററി ഫണ്ടും പ്രവചിച്ചു.
ജർമ്മൻ സമ്പദ്‌വ്യവസ്ഥയെ സ്വാധീനിച്ചിരുന്ന പ്രധാന ഘടകങ്ങളിലൊന്ന് റഷ്യയുടെ ഉക്രെയ്‌ൻ അധിനിവേശത്തെത്തുടർന്നുണ്ടായ ഊർജ്ജ പ്രതിസന്ധിയാണ്. മുമ്പ്, ഊർജ്ജ ഇറക്കുമതിയുടെ കാര്യത്തിൽ ജർമ്മനി റഷ്യയെ വളരെയധികം ആശ്രയിച്ചിരുന്നു. അതേസമയം, സമ്പദ്‌വ്യവസ്ഥയുടെ വലിയ വിഭാഗങ്ങൾ അടച്ചുപൂട്ടിയതിന് ശേഷം 2020 ന്റെ തുടക്കം മുതൽ കൊറോണ പകർച്ചവ്യാധിയുടെ സമയത്താണ് ജർമ്മനി അവസാനമായി വലിയ മാന്ദ്യത്തെ അഭിമുഖീകരിച്ചത്.