Monday, November 25, 2024

ബില്ലിങ്ങിൽ മൊബൈൽ നമ്പർ നൽകുന്ന പതിവ് അവസാനിപ്പിക്കുവാൻ ഒരുങ്ങി കേന്ദ്ര ഉപഭോക്തൃ മന്ത്രാലയം

വ്യാപാര സ്ഥാപനങ്ങളിൽ ബില്ലിങ് സമയത്തു ഉപയോക്താക്കളുടെ മൊബൈൽ നമ്പർ നിർബന്ധമായി ആവശ്യപ്പെടുന്ന രീതി അവസാനിപ്പിക്കുവാൻ ഒരുങ്ങി കേന്ദ്ര ഉപഭോക്തൃ മന്ത്രാലയം. ഇത് സംബന്ധിച്ചുള്ള മാർഗ്ഗ രേഖ ഉടൻ പ്രാബല്യത്തിൽ വരും. പുതിയ നിയമ പ്രകാരം ഉപയോക്താക്കൾക്കു താൽപര്യമില്ലെങ്കിൽ മൊബൈൽ നമ്പർ നൽകേണ്ടി വരില്ല.

അനാവശ്യമായി മൊബൈൽ നമ്പർ ആവശ്യപ്പെടുന്നുവെന്നും നൽകാത്തവർക്കു സേവനങ്ങൾ നിഷേധിക്കുന്നുവെന്നും ഉള്ള നിരവധി പരാതികൾ ഉപഭോക്തൃ മന്ത്രാലയത്തിനു ലഭിച്ചതായി ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. ഇതേ തുടർന്നാണ് പുതിയ മാർഗ്ഗ രേഖ എത്തുന്നത്. “ഉപയോക്താക്കളുടെ മൊബൈൽ നമ്പർ ഏതു വ്യാപാരി ആവശ്യപ്പെട്ടാലും അത് വിപണി മര്യാദയുടെ ലംഘനമാണ്. സ്വകാര്യതയുമായി ബന്ധപ്പെട്ട ആശങ്കയും ഇവിടെ ഉയരുന്നുണ്ട്. മൊബൈൽ നമ്പർ നൽകാനും ഉള്ള അവകാശവും സ്വാതന്ത്ര്യവും സാധനം വാങ്ങുന്നവർക്ക് മാത്രമാണ്”- മന്ത്രാലയം ഉദ്യോഗസ്ഥർ പറഞ്ഞു.

നിലവിൽ മൊബൈൽ നമ്പർ നൽകണമെന്നു വ്യവസ്ഥയില്ല. എന്നാൽ നമ്പർ നൽകാതെ ബിൽ നൽകാനാവില്ലെന്നു വ്യാപാരികൾ നിർബന്ധം പിടിക്കുന്നതായി ജനങ്ങൾ നിരവധി പരാതി നൽകിയതായും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.

Latest News