യുദ്ധ നയം മാറ്റിയില്ലെങ്കിൽ റഷ്യയിൽ വിപ്ലവം നടക്കും എന്ന് റഷ്യൻ പ്രസിഡന്റ് പുടിന് മുന്നറിയിപ്പ് നൽകി സ്വകാര്യ സൈനിക വിഭാഗമായ വാഗ്നർ ഗ്രൂപ്പിന്റെ തലവൻ യെവ്ഗനി പ്രിഗോഷിൻ. റഷ്യൻ ബ്ലോഗറായ കോൺസ്റ്റാന്റിൻ ഡോൾഗോവിന് നൽകിയ അഭിമുഖത്തിലാണ് പുടിന്റെ അടുത്ത അനുയായി കൂടിയായിരുന്ന പ്രിഗോഷിൻ രൂക്ഷവിമർശനം ഉന്നയിക്കുന്നത്.
”വാഗ്നർ റിക്രൂട്ട് ചെയ്തവരിൽ 20 ശതമാനവും ബഖ്മുത്തിനായുള്ള പോരാട്ടത്തിൽ കൊല്ലപ്പെട്ടു. ഉക്രൈൻ-റഷ്യ യുദ്ധം അസമത്വത്തിന്റെ കൂടി ചിത്രമാകുകയാണ്. പാവപ്പെട്ടവരുടെ മക്കളെ മാത്രമാണ് യുദ്ധത്തിന്റെ മുൻനിരയിലേക്ക് എത്തിക്കുന്നത്. പണക്കാരുടെ മക്കൾ സുരക്ഷിതരായി കഴിയുകയാണ്. ഇതേസാഹചര്യമാണ് 1917ലെ വിപ്ലവത്തിലേക്ക് നയിച്ചത്” – പ്രിഗോഷിൻ ഓർമിപ്പിച്ചു. ഒപ്പം ലോകത്തിലെ ഏറ്റവും ശക്തമായ സൈന്യങ്ങളിലൊന്നാണ് ഉക്രൈനിന്റെത് എന്നും കൃത്യമായ പരിശീലനം ലഭിച്ച ഉക്രൈന് ഏത് രാജ്യത്തിന്റെ സൈനികബലത്തേയും നേരിടാനുള്ള കഴിവുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുദ്ധം അവസാനിപ്പിക്കാനുള്ള നടപടി റഷ്യയുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും പ്രിഗോഷിൻ ആവശ്യപ്പെട്ടു. റഷ്യൻ സേനയോടുള്ള വിയോജിപ്പ് മുൻപും വാഗ്നർ തലവൻ പ്രകടിപ്പിച്ചിട്ടുണ്ട്. വേണ്ടത്ര ആയുധ സന്നാഹങ്ങൾ നൽകാൻ റഷ്യ തയ്യാറാകാത്തത് വാഗ്നർ ഗ്രൂപ്പിലെ പതിനായിരക്കണക്കിന് സൈനികർ കൊല്ലപ്പെടുന്നതിന് കാരണമായതായി പ്രിഗോഷിൻ മുൻപ് കുറ്റപ്പെടുത്തിയിരുന്നു.