പുതിയ പാർലമെന്റ് മന്ദിരം പ്രസിഡന്റ് മുർമു ഉദ്ഘാടനം ചെയ്യണമെന്ന ആവശ്യവുമായി സമർപ്പിച്ച ഹർജി തള്ളി സുപ്രീം കോടതി. ഒപ്പം ഇത്തരം ഹർജികൾ പരിഗണിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. രാഷ്ട്രപതിയെ ഉദ്ഘാടന ചടങ്ങിന് ക്ഷണിക്കാത്തതിനാൽ ലോക്സഭ സെക്രട്ടേറിയേറ്റ് ഭരണഘടനാ ലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി തമിഴ്നാട്ടിൽ നിന്നുള്ള അഭിഭാഷകൻ സി ആർ ജയ സുകിൻ ആണ് ഹർജി നൽകിയത്.
പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം രാഷ്ട്രപതിയെക്കൊണ്ട് നടത്തിപ്പിക്കുവാൻ ഉള്ള നിർദ്ദേശം ലോക്സഭാ സെക്രട്ടറിയേറ്റിനു നൽകണം എന്ന ആവശ്യം സുപ്രീം കോടതി തള്ളി. ഉദ്‌ഘാടനം ഭരണഘടന അനുസരിച്ച് രാഷ്ട്രപതിയാണ് നടത്തേണ്ടതെന്ന വാദവും കോടതി അംഗീകരിച്ചില്ല. വാദം കേൾക്കുവാൻ തുടങ്ങിയ അവസരത്തിൽ തന്നെ ബഞ്ച് അസംതൃപ്തി അറിയിച്ചിരുന്നു. പിന്നീട് ഭരണഘടനയുടെ 79-ാം അനുച്ഛേദം അഭിഭാഷകൻ പരാമർശിച്ചു. ആർട്ടിക്കിൾ 79 ഉം ഉദ്ഘാടന ചടങ്ങും തമ്മിൽ എന്താണ് ബന്ധം എന്ന് ജസ്റ്റിസ് മഹേശ്വരി ചോദിച്ചു. വൈകാതെ തന്നെ പരാതി പിൻവലിക്കുകയാണെന്നു ഹർജിക്കാരൻ അറിയിക്കുകയായിരുന്നു.
ഇത്തരം ഹർജികൾ പ്രോത്സാഹിപ്പിക്കുകയില്ലെന്നും ഇതുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് പിഴ ഈടാക്കാത്തതിൽ നന്ദിയുള്ളവരായിക്കും എന്ന് കരുതുന്നു എന്നും ജസ്റ്റിസ് ജെ കെ മഹേശ്വരി, ജസ്റ്റിസ് പി എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ച് മുന്നറിയിപ്പ് നൽകിക്കൊണ്ടാണ് വാദം കേൾക്കുന്നത് അവസാനിപ്പിച്ചത്.
പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സർക്കാരും പ്രതിപക്ഷവും തമ്മിലുള്ള ചൂടേറിയതും പരസ്യവുമായ ചർച്ചയ്ക്കിടയിലാണ് വ്യാഴാഴ്ച സുകിന്റെ ഹർജി സമർപ്പിച്ചത്. മെയ് 28 നു നടക്കുന്ന ഉദ്ഘാടന ചടങ്ങ് 19 പ്രതിപക്ഷ പാർട്ടികൾ ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കാൻ തീരുമാനിച്ചതായി ആണ് റിപ്പോർട്ട്.