തമിഴ്നാട്ടിലെ ജനവാസ മേഖലയായ കമ്പം ടൗണിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അരിക്കൊമ്പൻ. അരിക്കൊമ്പന്റെ ആക്രമണത്തിൽ നിരവധി വാഹനങ്ങളാണ് തകർന്നത്. അരിക്കൊമ്പനെ കണ്ടു പേടിച്ച് ഓടാൻ ശ്രമിച്ച് ഒരു യുവാവിന് പരുക്കേറ്റിട്ടുണ്ട്. തലനാരിഴയ്ക്കാണ് യുവാവ് രക്ഷപ്പെട്ടത്.
തുടർന്നും ആക്രമണങ്ങൾ ഉണ്ടാകുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ. മേതക്കാനത്ത് നിന്നും കാട്ടിലൂടെ സഞ്ചരിച്ച് പുലർച്ചയോടെ കമ്പത്തെത്തിയ അരിക്കൊമ്പനെ കണ്ട് പ്രദേശവാസികൾ പരിഭ്രാന്തരായിരുന്നു. ഇന്ന് രാവിലെയോടെ ആനയുടെ സിഗ്നൽ നഷ്ടമായിരുന്നു. തുടർന്ന് വനംവകുപ്പ് നടത്തിയ തിരച്ചിലിലാണ് അരിക്കൊമ്പനെ കണ്ടെത്തിയത്. ആനയെ കണ്ട ജനങ്ങളും പിന്നീട് എത്തിയ വനപാലകരും കിണഞ്ഞു ശ്രമിച്ചിട്ടും ആനയെ തിരികെ കാട്ടിലേക്ക് കയറ്റുവാൻ കഴിഞ്ഞില്ല.
തുടർന്നും ആക്രമണങ്ങൾ പ്രതീക്ഷിക്കാമെന്നതിനാൽ ജനങ്ങൾ വീട്ടിനകത്ത് തന്നെ തുടരണമെന്ന മുന്നറിയപ്പാണ് തമിഴ്നാട് സർക്കാർ നൽകിയിട്ടുള്ളത്. ചിന്നക്കനാലിൽ നിന്ന് ഏപ്രിൽ 29നാണ് മയക്കുവെടിവെച്ച് പെരിയാർ വന്യജീവി സങ്കേതത്തിലെ മേതകാനത്തിന് സമീപം അരിക്കൊമ്പനെ കൊണ്ടുവിട്ടത്.