അധിനിവേശ വെസ്റ്റ് ബാങ്കിൽ ഒരു പാലസ്തീന് പൗരന് കൂടി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. 28 കാരനായ അലാ ക്വയ്സിയയാണ് വെള്ളിയാഴ്ച കൊല്ലപ്പെട്ടത്. ഇത് സംബന്ധിച്ച വിവരം പാലസ്തീൻ ആരോഗ്യ മന്ത്രാലയമാണ് പുറത്തുവിട്ടത്.
വെസ്റ്റ് ബാങ്കിന്റെ തെക്കൻ പ്രദേശത്തുള്ള ഹെബ്രോണിലെ ടെനെ ഒമാരിം സെറ്റിൽമെന്റിനു സമീപമായിരുന്നു സംഭവം. ടെനെ ഒമാരിമിലെ താമസക്കാരനെ കുത്തിക്കൊല്ലാൻ 28 കാരന് നടത്തിയ ശ്രമം തടയുന്നതിനിടയിലാണ് വെടിവച്ചതെന്നു ഇസ്രായേൽ സൈന്യം പറഞ്ഞു. യഹൂദരുടെ ഷാവൂത് ഉത്സവത്തോടനുബന്ധിച്ച് സെറ്റിൽമെന്റിലെ ആളുകൾ പ്രാർത്ഥനയ്ക്കായി ഒത്തുകൂടുന്നതിനിടെയാണ് സംഭവം നടന്നതെന്നും ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതേസമയം, സംഭവസ്ഥലത്തു നിന്നുള്ള ദൃശ്യങ്ങള്‍ അനുസരിച്ചു ടെനെ ഒമാരിമിലേക്ക് കൊല്ലപ്പട്ട യുവാവ് നുഴഞ്ഞു കയറുന്നതായി വ്യക്തമാണ്. ഇയാളുടെ കയ്യില്‍ കഠാര ഇരിക്കുന്നതായും ദൃശ്യങ്ങളില്‍ ഉണ്ട്. എന്നാല്‍ ഇസ്രായേല്‍ ആരോപിക്കുന്നതുപോലെ കുത്താനുള്ള ശ്രമമോ ആളെ വെടിവച്ചതോ വീഡിയോയിൽ ലഭ്യമല്ല.