ഇന്ധന കമ്പനികള്‍ക്ക് നല്‍കാനുള്ള തുക കുടിശ്ശികയായതിനെ തുടര്‍ന്ന് വാഹനങ്ങളില്‍ ഇന്ധനമടിക്കാനാകാതെ കേരളാ പോലീസ്. പോലീസ് വാഹനങ്ങള്‍ക്ക് ഇന്ധനം അടിക്കാന്‍ പണവുമില്ല. സര്‍ക്കാര്‍ പണം നല്‍കാത്തതാണ് പ്രതിസന്ധിക്ക് കാരണം. പണം അനുവദിക്കണമെന്ന അപേക്ഷ സര്‍ക്കാര്‍ തള്ളുകയായിരുന്നു. ഇതിനേത്തുടര്‍ന്ന് പേരൂര്‍ക്കട പമ്പിലെ ഇന്ധനവിതരണം നിര്‍ത്തി. തത്കാലം കെഎസ്ആര്‍ടിസിയില്‍ നിന്നോ സ്വകാര്യ പമ്പില്‍ നിന്നോ കടമായി ഇന്ധനമടിക്കാനാണ് പോലീസിന് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം.
പോലീസിന്റെ പെട്രോള്‍ പമ്പില്‍ നിന്നാണ് തിരുവനന്തപുരത്തെ പോലീസ് വാഹനങ്ങള്‍ പെട്രോള്‍ അടിച്ചിരുന്നത്. പക്ഷേ ഇതിന് കഴിഞ്ഞ വര്‍ഷം അനുവദിച്ചിരുന്ന തുക തീര്‍ന്നിരുന്നു. ഇന്ധനമടിക്കാനുള്ള അധിക പണം സംസ്ഥാന സര്‍ക്കാരിനോട് പോലീസ് വകുപ്പ് ആവശ്യപ്പെട്ടിരുന്നു. ഇത് സര്‍ക്കാര്‍ നിരാകരിച്ചതോടെയാണ് പോലീസില്‍ വലിയ പ്രതിസന്ധി ഉണ്ടായിരിക്കുന്നത്. ഈ മാസം ഇന്ധനമടിക്കാന്‍ പോലീസിന്റെ പക്കല്‍ പണമില്ല. രണ്ടരക്കോടിയോളം രൂപയാണ് വിവിധ ഇന്ധനക്കമ്പനികള്‍ക്ക് എസ്എപി ക്യാമ്പിലുള്ള പോലീസ്‌പെട്രോള്‍ പമ്പ് നല്‍കാനുള്ളത്.
2021-22 സാമ്പത്തിക വര്‍ഷം സര്‍ക്കാര്‍ പോലീസിന് പണം അനുവദിച്ചിരുന്നു. ഇത് പൂര്‍ണമായും ഉപയോഗപ്പെടുത്തുകയും കൂടുതല്‍ പണം ആവശ്യപ്പെടുകയും ചെയ്തു. നിലവിലെ സാമ്പത്തിക സ്ഥിതിയില്‍ കൂടുതല്‍ പണം അനുവദിക്കാനാകില്ലെന്ന് സര്‍ക്കാര്‍ അറിയിക്കുകയായിരുന്നു. എന്നാല്‍ ഇന്ധനമില്ലാത്തതിന്റെ പേരില്‍ ഡ്യൂട്ടി തടസ്സപ്പെടാന്‍ പാടില്ലെന്നും 45 ദിവസത്തേക്ക് കെഎസ്ആര്‍ടിസിയില്‍ നിന്ന് കടമായി ഇന്ധനമടിക്കാനും ജില്ലാ പോലീസ് മേധാവി നിര്‍ദേശിച്ചിട്ടുണ്ട്.