യുക്രൈനിലെ യുദ്ധഭൂമിയില്‍ നിന്ന് 20000ത്തിലധികം ആളുകളെ സുരക്ഷിതമായി ഒഴിപ്പിച്ച് ഇന്ത്യയിലെത്തിക്കാന്‍ സാധിച്ചുവെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി
മുരളീധരന്. സുമിയില്‍ കുടുങ്ങിയിരുന്ന മുഴുവന്‍ വിദ്യാര്‍ഥികളും ഏതാനും മണിക്കൂറുകള്‍ക്കകം തീവണ്ടിയില്‍ ലിവീവിലെത്തും. ഇതിനുശേഷം എല്ലാവരേയും എത്രയും വേഗത്തില്‍ നാട്ടിലെത്തിക്കാനുള്ള തയ്യാറെടുപ്പുകള്‍ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഓപ്പറേഷന് ഗംഗയുടെ ഈ അവസാനഘട്ടം രണ്ടു ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാകും. തിരിച്ചുവരാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ ആരും ഇപ്പോള്‍ യുക്രൈനിലില്ല. പല ആവശ്യങ്ങള്‍ക്കായി അവിടെ തുടരുന്നവരുണ്ട്. തിരിച്ചുവരാന്‍ ആഗ്രഹിക്കുന്ന എല്ലാവരേയും ഇന്ത്യയില്‍ എത്തിക്കുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
സുമിയില്‍ നിന്നുള്ളവര്‍കൂടി നാട്ടിലെത്തുന്നതോടെ ഓപ്പറേഷന് ഗംഗ അവസാനിക്കും. യുദ്ധം ശക്തമായതോടെ യുക്രൈനില്‍ നിന്ന് തിരിച്ചുവരാനായി രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം 20000ത്തില്‍ താഴെയായിരുന്നുവെങ്കിലും 20000ത്തിലധികം പേരെ യുക്രൈനില്‍ നിന്ന് ഒഴിപ്പിച്ച് നാട്ടിലെത്തിക്കാന്‍ സാധിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.