രാജ്യത്തെ നടുക്കിയ ഒഡീഷ ട്രെയിന്‍ ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തി ലോകരാജ്യങ്ങള്‍. യുഎഇ, റഷ്യ, കാനഡ, പാക്കിസ്ഥാന്‍ എന്നിവ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കളാണ് ദുരന്തത്തില്‍ അനുശോചനം അറിയിച്ചത്. അതിനിടെ ദുരന്തത്തില്‍ രകക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായതായി ദേശീയ-സംസ്ഥന ദുരന്ത നിവാരണ സേനകള്‍ അറിയിച്ചു.
“ഒഡീഷയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഹൃദയം തകർക്കുന്നതാണ്, ഇന്ത്യയുടെ ഈ ദുഃഖകരമായ സമയത്ത് കനേഡിയന്‍ ജനത ഒപ്പം ഉണ്ടാകും” -ജസ്റ്റിന്‍ ട്രൂഡോ പ്രസ്തവനയിലൂടെ അറിയിച്ചു. നാലു ദിന സന്ദര്‍ശനത്തിനായി ഇന്ത്യയില്‍ എത്തിയ നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പകമൽ ദഹാൽ പ്രചണ്ഡയും അനുശോചനം രേഖപ്പെടുത്തി. റഷ്യന്‍ വിദേശകാര്യ മന്ത്രാലയമാണ് മരിച്ചവരുടെ കുടുംബങ്ങൾക്ക് റഷ്യൻ പ്രസിഡന്റ് അനുശോചനമറിയിച്ച വിവരം അറിയിച്ചത്. ട്രെയിൻ ദുരന്തത്തിൽ മരിച്ചവർക്ക് അനുശോചനം അറിയിക്കുകയാണെന്നും പരിക്കേറ്റവര്‍ എത്രയും വേഗം ആശുപത്രി വിടട്ടേയെന്നും പാക്കിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ശരീഫ് പറഞ്ഞു.
“ദുരന്തത്തിൽ ഇരയായവർക്ക് ആത്മാർഥമായ അനുശോചനം അറിയിക്കുന്നു. യു.എ.ഇ ജനത ഇന്ത്യയിലെ ജനങ്ങൾക്ക് ഒപ്പമുണ്ട്. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർഥിക്കുന്നു” യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ട്വിറ്ററില്‍ കുറിച്ചു. ഇംഗ്ലീഷ്, ഹിന്ദി, അറബിക് എന്നീ ഭാഷകളിലായി പോസ്റ്റ് ചെയ്ത ട്വിറ്റർ സന്ദേശത്തിലാണ് ശൈഖ് മുഹമ്മദ് ഇന്ത്യക്ക് അനുശോചനം രേഖപ്പെടുത്തിയത്. കൂടാതെ സൗദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാനും അനോസോചനം രേഖപ്പെടുത്തി. രാഷ്ട്രപതി ദ്രൗപതി മുർമുവിനയച്ച സന്ദേശത്തിലാണ് ഇരുവരുടെ തങ്ങളുടെ അനുശോചനവും ദുഃഖവും അറിയിച്ചത്.
അതേസമയം, ഒഡിഷയിൽ മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ച് 288 പേർ മരണപ്പെട്ട സംഭവത്തിൽ രക്ഷാ പ്രവർത്തനം പൂർത്തിയായി. പരിക്കേറ്റ 747 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രിയില്‍ കഴിയുന്നത്. ഇതില്‍ 50 ല്‍ അധികം പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.