സംസ്ഥാനത്തെ സ്കൂളുകളിൽ ശനിയാഴ്ച പ്രവൃത്തി ദിനമാക്കുമെന്ന് ആവര്‍ത്തിച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. ഭരണാനുകൂല അധ്യാപക സംഘടനയായ കെ.എസ്.ടി.എയുടെ എതിര്‍പ്പിന് പിന്നാലെയാണ് നിലപാട് ആവര്‍ത്തിച്ച് വിദ്യാഭ്യാസ മന്ത്രി രംഗത്തെത്തിയത്.വേണ്ടത്ര കൂടിയാലോചനയും ചർച്ചയും നടത്തിയില്ലെന്നാണ് കെ.എസ്.ടി.എ-യുടെ വിമര്‍ശനം.
“ശനിയാഴ്ച പ്രവൃത്തി ദിനമാക്കുന്നതിൽ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും സന്തോഷമാണ്, ആദ്യ ശനിയാഴ്ച പ്രവൃത്തി ദിനമായിരുന്നു. എല്ലാസ്ഥലത്തും എല്ലാവരും സഹകരിച്ചു. അധ്യാപക സംഘടനയിൽ എല്ലാവർക്കും എതിര്‍പ്പുണ്ടെന്നൊന്നും കരുതുന്നില്ല.” മന്ത്രി പറഞ്ഞു. സ്കൂൾ പ്രവേശനോത്സവത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനത്തിലാണ് സര്‍ക്കാരിന്‍റെ തീരുമാനം മന്ത്രി അറിയിച്ചത്. മധ്യവേനലവധിക്ക് സ്കൂൾ അടയ്ക്കുന്നത് മാർച്ചിലെ അവസാന പ്രവൃത്തി ദിവസത്തിൽ നിന്ന് ഏപ്രിൽ ആറിലേക്ക് മറ്റാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
അതേസമയം, ശനിയാഴ്ച പ്രവൃത്തി ദിനമാക്കുമെന്ന തീരുമാനത്തിനെതിരെ പ്രതിപക്ഷ അധ്യാപക സംഘടനകൾ പ്രക്ഷോഭം തുടങ്ങാൻ തീരുമാനിച്ചതിന് പിന്നാലെയാണ് ഭരണപക്ഷ സംഘടനയും അതൃപ്തി പരസ്യപ്പെടുത്തിയത്. അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തിൽപോലും ചർച്ചചെയ്യാത്ത കാര്യങ്ങളാണ് വിദ്യാഭ്യാസ കലണ്ടർ രൂപത്തിൽ പുറത്തുവന്നതെന്ന് കെ.എസ്.ടി.എ കുറ്റപ്പെടുത്തിയിരുന്നു.