Tuesday, November 26, 2024

ദുബായിലെ വീടും മുപ്പത്തയ്യായിരം കോടി രൂപയും !

ഇത്തവണത്തെ ഇക്കണോമിസ്റ്റിൽ വളരെ പ്രധാനപ്പെട്ട ഒരു വാർത്തയുണ്ട്. ഒരു ഫിനാൻഷ്യൽ കാപിറ്റൽ എന്ന രീതിയിൽ മുംബൈയുടെ പ്രാധാന്യം കുറയുന്നുവെന്നും ഫിനാൻഷ്യൽ സെക്ടറിൽ ഉള്ള ഏറെ ഇന്ത്യക്കാർ ദുബായിൽ നിന്നും ഓപ്പറേറ്റ് ചെയ്യുന്നു എന്നുമാണ് അത്.  ഇതിന് അനവധി കാരണങ്ങളും ലേഖനത്തിൽ ഉണ്ട്. ശ്രദ്ധിക്കപ്പെടേണ്ടതാണ്.

പക്ഷെ ആ ലേഖനത്തിനുള്ളിൽ ചെറിയൊരു കണക്ക് ഉണ്ട്. കഴിഞ്ഞ വർഷം മാത്രം ദുബായിൽ വീട് വാങ്ങാൻ വേണ്ടി ഇന്ത്യക്കാർ ചിലവാക്കിയ തുക 4.3 ബില്യൺ ഡോളർ വരും അത്രേ, ഏതാണ്ട് മുപ്പത്തി അയ്യായിരം കോടി രൂപ. പണ്ടൊന്നും ദുബായിൽ ഇന്ത്യക്കാർക്ക് വീട് വാങ്ങാൻ സാധിക്കില്ലായിരുന്നു. പാശ്ചാത്യ രാജ്യങ്ങളിലെ പോലെ ഏറെ നാൾ താമസിച്ചാലും പൗരത്വം ഒന്നും കിട്ടാത്തത് കൊണ്ട് അവിടെ സ്ഥിരമായി താമസിക്കാം എന്നൊരു ചിന്തയും ഇന്ത്യക്കാർക്ക് ഇല്ലായിരുന്നു.
ഇതൊക്കെ മാറുകയാണ്. യു എ ഇ യിൽ പലയിടത്തും ഇപ്പോൾ ഇന്ത്യക്കാർക്ക് വീട് വാങ്ങാം, വീടുള്ളവർക്ക് ദീർഘകാലം താമസിക്കാം. ഈ നിയമം വന്നതോടെ ആയിരക്കണക്കിന് ഇന്ത്യക്കാർ ദുബായിൽ വീട് വാങ്ങുകയാണ്. ഇതിൽ ഏറെ മലയാളികളും ഉണ്ട്, എനിക്കറിയാവുന്നവർ തന്നെ പലരും വീട് വാങ്ങിക്കഴിഞ്ഞു. ഗോൾഡൻ വിസ ഉൾപ്പടെ വിസ നിയമങ്ങൾ കൂടുതൽ ഉദാരമായതോടെ പുതിയതായി എത്തുന്ന പലരും വീട് വാങ്ങാൻ ശ്രമിക്കുന്നു.
ദുബായിൽ ഇപ്പോൾ ഉള്ള സാമ്പത്തികമായി നല്ല നിലയിൽ ഉള്ള ഒരു വലിയ ശതമാനം മലയാളികളുടെ പദ്ധതി ദുബായിൽ ഒരു വീട് വാങ്ങുക, കുട്ടികളെ വിദേശത്തേക്ക് പഠിപ്പിക്കാൻ വിടുക. കുട്ടികൾ അവിടെ സെറ്റിൽ ചെയ്തോളും, പറ്റിയാൽ അവരെ പിന്തുടരുക, ഇല്ലെങ്കിൽ ദുബായിൽ തുടരുക എന്നതാണ്.
ദുബായിൽ വീട് വാങ്ങാൻ സാധിക്കും എന്ന് വരുമ്പോൾ ഇവർ നാട്ടിൽ വീട് ഉണ്ടാക്കില്ല, സ്ഥലം വാങ്ങില്ല എന്ന് മാത്രമല്ല നാട്ടിൽ ഇപ്പോൾ ഉള്ള വീടും സ്ഥലവും വിറ്റ് ആ പണം ദുബായിൽ വീട് വാങ്ങാൻ കൊണ്ടുവരുന്നവരെ എനിക്കറിയാം.
കേരളത്തിലേക്ക് ഏറ്റവും കൂടുതൽ പണം അയക്കുന്ന പ്രദേശങ്ങളിൽ ഒന്നാണ് യു. എ. ഇ. അവിടെ നിന്നും വരുന്ന പണത്തിലാണ് കുറവ് വരുന്നത്. യു. എ. ഇ മാത്രമല്ല മറ്റുള്ള ഗൾഫ് രാജ്യങ്ങളിലും വിസ നിയമങ്ങളിൽ മാറ്റങ്ങൾ നടക്കുന്നുണ്ട്. ഇതിനൊക്കെ കേരളത്തിൽ വലിയ സാമ്പത്തിക സാമൂഹ്യ പ്രത്യാഘാതങ്ങൾ ഉണ്ട്.
കേരളത്തിലേക്ക് വരുന്ന പണത്തിൽ കുറവ് വരുമെന്നും കേരളത്തിൽ പണവും തൊഴിലും ഇല്ലാതാകുമ്പോൾ മറുനാട്ടിൽ നിന്നുള്ള തൊഴിലാളികൾ നാട്ടിൽ കുറഞ്ഞുവരുമെന്നും ഒക്കെ ഞാൻ പറഞ്ഞത് ഇതൊക്കെ കണ്ടിട്ടാണ്. നോർക്ക ഒക്കെ ഇതൊക്കെ ശ്രദ്ധിക്കുന്നുണ്ടോ ?
മുരളി തുമ്മാരുകുടി

Latest News