Tuesday, November 26, 2024

ആമസോൺ മഴക്കാടുകളിൽ കാണാതായ കുട്ടികളെ കണ്ടെത്തി

കൊളംബിയൻ ആമസോൺ മഴക്കാടുകളിൽ കാണാതായ നാലു കുട്ടികളെ കണ്ടെത്തി. ഒരു മാസത്തിലേറെയായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് സൈന്യത്തിന്റെ പ്രത്യേക ദൗത്യസംഘം കുട്ടികളെ കണ്ടെത്തിയത്. വിമാനാപകടത്തെ തുടര്‍ന്ന് 13, 9, 4, 1 പ്രായത്തിലുള്ള കുട്ടികളെ മെയ് ഒന്നിനാണ് കാണാതായത്.

സെസ്ന-206 എന്ന വിമാനം അറാറക്വാറയിൽ നിന്നും കൊളംബിയൻ ആമസോണിലെ സാൻ ജോസ് നഗരത്തിലേക്കുള്ള യാത്രയിലായിരുന്നു. നാലു കുട്ടികളും ഇവരുടെ മാതാവുമടക്കം ആറു പേരും പൈലറ്റുമായിരുന്നു ഈ ചെറുവിമാനത്തില്‍ ഉണ്ടായിരുന്നത്. പറന്നുയര്‍ന്ന് 350 കിലോമീറ്റർ കഴിഞ്ഞ് ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ വിമാനത്തിന്റെ എഞ്ചിന്‍ തകരാറിലാവുകയും തകര്‍ന്നുവീഴുകയുമായിരുന്നു. അതേസമയം, ദിവസങ്ങൾക്കു ശേഷം മേയ് 15-ന് കുട്ടികളുടെ അമ്മ മഗ്ദലീന മുകുതുയ് ഉള്‍പ്പടെ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തിയെങ്കിലും കുട്ടികളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് സാറ്റലൈറ്റ് ചിത്രങ്ങളിൽ നിന്നാണ് കുട്ടികൾ വിമാനപകടം നടന്ന സ്ഥലത്തു നിന്നും നടന്നുനീങ്ങുന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് സൈന്യത്തിന്റെ പ്രത്യേക ദൗത്യസംഘം കുട്ടികളെ തേടി പുറപ്പെടുകയായിരുന്നു.

കുട്ടികൾ പോയ വഴികളിൽ പാതികഴിച്ച പഴങ്ങളും, ഷൂസുകളും ഉള്‍പ്പടെയുള്ള സാധനങ്ങള്‍ കണ്ടെത്തിയതോടെ കുട്ടികള്‍ ജീവിച്ചിരിക്കുന്നതായി ദൗത്യസംഘം സ്ഥിരീകരിച്ചു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിനൊടുവിലാണ് സൈന്യം കുട്ടികളെ കണ്ടെത്തിയത്. പുള്ളിപ്പുലികളുടേയും വിഷപ്പാമ്പുകളുടേയും വിഹാരകേന്ദ്രമാണ് ആമസോണ്‍ മഴക്കാടുകള്‍. ഇവിടെ നിന്നാണ് കുട്ടികള്‍ അത്ഭുതകരമായി രക്ഷപെട്ടത്.

Latest News