അടുത്തിടെ, സമൂഹമാധ്യമങ്ങൾ ഏറ്റവും കൂടുതൽ ഏറ്റെടുത്ത ഒരു പ്രസംഗമായിരുന്നു ലിഡിയ ഓവൻസ് എന്ന യുവതിയുടേത്. ബിരുദദാന ചടങ്ങിലെ മറുപടിപ്രസംഗത്തിൽ, വിശ്വാസത്തെക്കുറിച്ചും മൂല്യങ്ങളെക്കുറിച്ചും പറയാൻ മടിക്കുന്ന ഇന്നത്തെ യുവതലമുറക്ക് ലിഡിയ ഓവൻസ് മാതൃകയാണ്. ബിരുദദാന ചടങ്ങിലെ പ്രസംഗത്തിൽ അവൾ തന്റെ വിശ്വാസജീവിതത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും മനോഹാരിതയെക്കുറിച്ചും സദസ്സിൽ പങ്കുവച്ചു.
സൗത്ത് കരോലിനയിലെ വുഡ്മോണ്ട് ഹൈസ്കൂളിലായിരുന്നു സംഭവം. സഹപാഠികളുടെയും അധ്യാപകരുടെയും സാന്നിധ്യത്തിൽ ബിരുദദാന ചടങ്ങ് നടന്നു. ക്ലാസിൽ ഉയർന്ന മാർക്ക് നേടിയ ലിഡിയ ഓവൻസായിരുന്നു ചടങ്ങിലെ പ്രധാന അതിഥി. അവൾ സദസ്സിൽ മൂന്നു മിനിറ്റ് സംസാരിച്ചു; എന്നാൽ, ഇന്ന് അത് അനേകായിരങ്ങൾ ഏറ്റെടുത്തു.
ലിഡിയ ഓവൻസ് ഇങ്ങനെ പറഞ്ഞുതുടങ്ങി:
“നിങ്ങളുടെ ഭാവി എന്തുതന്നെ ആയാലും, നിങ്ങൾ എത്രത്തോളം വിജയിക്കുന്നു എന്നതിനേക്കാൾ നിങ്ങളുടെ ജീവിതമാണ് വിലപ്പെട്ടതെന്ന് ഓർക്കുക. ഒരുപക്ഷേ, നിങ്ങളുടെ സ്വപ്‌നങ്ങൾ സ്വന്തമാക്കാൻ നിങ്ങൾ പരാജയപ്പെട്ടവരായിരിക്കാം. എന്നാൽ, അതൊന്നുമല്ല പ്രധാനം. നിങ്ങൾ ഇപ്പോഴും വിലപ്പെട്ടവരാണെന്നും മതിയായവരാണെന്നും ദൈവത്തിന്റെ പ്രതിച്ഛായയിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നുവെന്നും മറക്കാതിരിക്കാം” – ലിഡിയ പറഞ്ഞു.
തുടർന്ന് ജീവിതത്തെക്കുറിച്ചുള്ള അവളുടെ കാഴ്ചപ്പാടുകളെ മാറ്റിമറിച്ച അനുഭവങ്ങളെക്കുറിച്ച് അവൾ വിവരിച്ചു: “ഏകദേശം രണ്ടു വർഷങ്ങൾക്കു മുൻപ് എന്റെ അമ്മ മരണമടഞ്ഞു. അത് എന്നെ വല്ലാതെ തളർത്തിക്കളഞ്ഞു എന്നുതന്നെ പറയാം. എന്റെ ജീവിതത്തിൽ സംഭവിച്ച ആ ദുരന്തത്തെ അഭിമുഖീകരിക്കാൻ, ആ തീരാനഷ്ടത്തെ അതിജീവിക്കാൻ എന്നെ സഹായിച്ചത് ഞാൻ പഠിച്ചുനേടിയ മാർക്കുകളോ, വിജയമോ ഒന്നുമായിരുന്നില്ല. എനിക്ക് നേരിട്ട അനിശ്ചിതത്വങ്ങളിൽ ആശ്രയിക്കാൻ ഒരേയൊരു വ്യക്തിയേ എനിക്ക് ഉണ്ടായിരുന്നുള്ളൂ; അത് എന്റെ യേശുവായിരുന്നു.”
തനിക്കു ലഭിച്ച പ്രചോദനത്തിന്റെ ഉറവിടം തന്റെ അമ്മയാണെന്ന് അവൾ സദസ്സിൽ പങ്കുവച്ചു: “അമ്മ എപ്പോഴും ഞാൻ ഒരു നല്ല വ്യക്തിയായിരിക്കാൻ പ്രേരിപ്പിക്കുകയും വിശ്വാസത്തിൽ ആഴപ്പെടാൻ എപ്പോഴും എന്നെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. ശക്തമായ ഒരു വിശ്വാസം എന്നിൽ രൂപപ്പെടാൻ കാരണം അമ്മയാണ്. ദൈവഭക്തിയുള്ള ഒരു സ്ത്രീ എങ്ങനെയായിരിക്കണമെന്നതിനും മറ്റുള്ളവരെ ആത്മാർത്ഥമായി സ്നേഹിക്കേണ്ടത്ങ്ങ എനെയെന്നതിനും അമ്മ ഉത്തമ മാതൃകയാണ്.”
“ലിഡിയ നന്നായി ചെയ്തു എന്ന് എല്ലാവരും അത്ഭുതത്തോടെ പറയണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല. ഈ വാക്കുകൾ ദൈവമാണ് എന്നിലൂടെ സംസാരിച്ചത്” എന്ന് പറഞ്ഞുകൊണ്ടാണ് ആ പെൺകുട്ടി തന്റെ പ്രസംഗം അവസാനിപ്പിച്ചത്.
ആൻഡേഴ്സൺ സർവ്വകലാശാലയിലേക്ക് യാത്രയാകുന്ന ലിഡിയയുടെ മാതൃക അനേകം യുവഹൃദയങ്ങളെ വിശ്വാസത്തിലേക്കും മൂല്യങ്ങളിലേക്കും നയിക്കും എന്ന പ്രതീക്ഷയിലാണ് എല്ലാവരും.