യുക്രൈന്റെ തെക്കു-കിഴക്കന്‍ നഗരങ്ങളില്‍ റഷ്യൻ സേനയുടെ മിസൈലാക്രമണം. ബുധനാഴ്ചയുണ്ടായ ആക്രമണത്തില്‍ ആറു പേര് കൊല്ലപ്പെട്ടതായി യുക്രൈന് അധികൃതര്‍ സ്ഥിരീകരിച്ചു. ആക്രമണത്തിൽ ഒട്ടേറെ വീടുകൾ തകർന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
രാജ്യത്തെ തെക്കന്‍ നഗരമായ ഒഡേസയിലും കിഴക്കന്‍ നഗരമായ ഡോണട്സ്കിലുമാണ് റഷ്യ ആക്രമണം നടത്തിയത്. നാല് കാലിബർ മിസൈലുകൾ ഉപയോഗിച്ചായിരുന്നു റഷ്യന്‍ ആക്രമണം. ഒഡേസയിലെ ഭക്ഷ്യസംഭരണശാലയ്ക്ക് നേരെയുണ്ടായ ആക്രമണത്തിലാണ് മൂന്ന് ജീവനക്കാര്‍ കൊല്ലപ്പെട്ടത്. 13 പേർക്ക് പരിക്കേറ്റതായും സ്ഥിരീകരിച്ചു. ആക്രമണത്തില്‍ പൂര്‍ണ്ണമായും തകര്‍ന്ന ഭക്ഷ്യസംഭരണശാലയിൽ മറ്റാരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് പരിശോധിക്കുകയാണ്.
ഡോണട്സ്ക് പ്രവിശ്യയിലെ ക്രമറ്റോർസ്ക് നഗരത്തിൽ രണ്ടു പേരും കൊസ്ത്യന്റിനിവ്കയിൽ ഒരാളുമാണ് റഷ്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇരുനഗരങ്ങളിലും വീടുകളും കടകളും കഫെകളും ആക്രമണത്തിൽ തകർന്നതായി പ്രാദേശിക ഭരണകൂടങ്ങള്‍ വ്യക്തമാക്കി.