അധിനിവേശ മേഖലകള്‍ തിരിച്ചുപിടിക്കാനുള്ള സംഘര്‍ഷത്തില്‍ യുക്രൈന് മുന്നേറ്റം. ഇക്കാര്യത്തിൽ യുക്രൈന് സേന പതിയെ മുന്നേറുകയാണെന്ന് ഉപ പ്രതിരോധമന്ത്രി ഹന്ന മലിയർ അവകാശപ്പെട്ടു. ഇതിനോടകം 100 ചതുരശ്ര കിലോമീറ്റർ (40 ചതുരശ്ര മൈൽ) തിരിച്ചുപിടിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
റഷ്യൻ വ്യോമാക്രമണത്തിനിടയിലും യുക്രൈൻ മുന്നേറ്റം തുടരുകയാണ്. കഴിഞ്ഞ ദിവസം റഷ്യയുടെ മിസൈൽ ആക്രമണത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ട തെക്കന്‍ നഗരമായ ഒഡേസയിൽ യുക്രൈന് പ്രതിരോധം ശക്തമാക്കി. മേഖലയിലേക്കെത്തിയ റഷ്യയുടെ 18 ഡ്രോണ്‍ ആക്രമണങ്ങള്‍ തങ്ങളുടെ വ്യോമപ്രതിരോധം വെടിവച്ചിട്ടതായി കൈവ് വ്യക്തമാക്കി. ഡോണട്സ്കിലെ ബഖ്മുതിൽ 500 മീറ്റർ ദൂരവും തെക്കൻ മേഖലയിലെ സപോറിഷ്യയിൽ 350 മീറ്ററും യുക്രൈന് ഇതിനോടകം പിടിച്ചെടുത്തു.
അതേസമയം, പ്രത്യക്രമണം ശക്തമായതോടെ യുക്രൈനുള്ള പിന്തുണയും ആയുധങ്ങളും വെടിക്കോപ്പുകളും സംഭരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. ഇതിനായി നാറ്റോ പ്രതിരോധ മന്ത്രിമാർ ബ്രസൽസിൽ യോഗം ചേര്‍ന്നതായി അല്‍-ജസീറ റിപ്പോര്‍ട്ട് ചെയ്തു. അതിനിടെ, ക്രൈവി റിഹിലെ രണ്ട് വ്യാവസായിക കേന്ദ്രങ്ങളിൽ റഷ്യൻ മിസൈലുകൾ ഇടിച്ചതിനെ തുടർന്ന് ഒരാൾക്ക് പരിക്കേറ്റതായി യുക്രൈൻ അറിയിച്ചു.