Tuesday, November 26, 2024

മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കുക: അഭ്യർത്ഥനയുമായി വിവിധ മതനേതാക്കൾ

ഏറെ നാളുകളായി മണിപ്പൂരിൽ തുടരുന്ന അക്രമങ്ങൾക്ക് അറുതി വരുത്താനും, ശാരീരികവും മാനസികവുമായ മുറിവുകൾ അവശേഷിപ്പിക്കുന്ന സംഘർഷങ്ങൾ ഇല്ലാതാക്കാനും മണിപ്പൂരിൽ ഒന്നുചേർന്ന വിവിധ മതനേതാക്കൾ ആവശ്യപ്പെട്ടു. അക്രമങ്ങളിൽ ഇരകളായവർക്ക് അഭയവും പരിചരണങ്ങളും ഉറപ്പാക്കാനും മണിപ്പൂർ തലസ്ഥാനമായ ഇംഫാലിലെ സാംസ്‌ക്കാരിക സമന്വയസമിതി സമുച്ചയത്തിൽ ഒന്നുചേർന്ന വിവിധ മതങ്ങളിൽ നിന്നുള്ള പതിനെട്ട് പ്രതിനിധികളാണ് ആവശ്യപ്പെട്ടത്.

ഇസ്ലാം, ക്രൈസ്തവമതം, ബുദ്ധമതം, പ്രാദേശിക, പരമ്പരാഗത മതങ്ങൾ തുടങ്ങിയവയുടെ പ്രതിനിധികളാണ് സമാധാനശ്രമങ്ങളുമായി മുന്നോട്ടുവന്നത്. വിവിധ മത-സാമൂഹിക പ്രസ്ഥാനങ്ങൾ ഒരുമിച്ചുകൂടി, അക്രമങ്ങളിൽ ഇരകളായവർക്ക് സഹായമെത്തിക്കാനും സമാധാനസ്ഥാപനത്തിനായി സംയുക്തസംരംഭങ്ങൾ ഏറ്റെടുക്കാനും മതനേതാക്കൾ ആവശ്യപ്പെട്ടു. മണിപ്പൂരിൽ നടമാടുന്ന അക്രമങ്ങളിൽപെട്ടവർക്ക് ചികിത്സാസഹായം എത്തിക്കാനും അവരുടെ സുരക്ഷിതത്വം ഉറപ്പിക്കാനും ഏവരുടെയും സഹകരണം ക്ഷണിച്ച ഈ പ്രസ്താവനയിൽ, അനുരഞ്ജനത്തിന്റെ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ എല്ലാ മതവിശ്വാസികളെയും ആഹ്വാനം ചെയ്തു.

വിവിധ മതപ്രതിനിധികൾ പങ്കെടുത്ത ഈ യോഗം ഫീദെസ് വാർത്താ ഏജൻസിക്ക് അയച്ച സന്ദേശത്തിൽ, തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ആളുകളുടെ ദുഃഖത്തിൽ തങ്ങളും പങ്കുചേരുന്നതായും മനസിലും ശരീരത്തിലും മുറിവേറ്റ ആളുകളുടേതുൾപ്പെടെയുള്ള വേദന തങ്ങൾ പങ്കുവയ്ക്കുന്നതായും വ്യക്തമാക്കി. വ്യത്യസ്ത മത-സമുദായ അംഗങ്ങളായ തങ്ങളെ നിലവിലെ അക്രമങ്ങൾ നിസ്സഹായരും ദുഃഖിതരുമാക്കിയെന്നും, അതുകൊണ്ടാണ് ഈ അക്രമങ്ങൾ അവസാനിപ്പിക്കാൻ സംയുക്തമായി ആഹ്വാനം ചെയ്യാനായി മുന്നോട്ടുവരാൻ തങ്ങൾ തയ്യാറായതെന്നും അവർ അറിയിച്ചു.

Latest News