ബിബിസിക്കു പിന്നാലെ അല്‍-ജസീറയുടെ ‘ഇന്ത്യ…ഹു ലിറ്റ് ദി ഫ്യൂസ്’ എന്ന ഡോക്യുമെന്ററിക്കും ഇന്ത്യയില്‍ പ്രദര്‍ശന വിലക്ക്. സുധീർ കുമാർ എന്നയാൾ നൽകിയ പൊതുതാത്പര്യ ഹര്‍ജിയെ തുടര്‍ന്നാണ് അലഹബാദ് ഹൈക്കോടതി ഡോക്യുമെന്ററി വിലക്കിയത്. പ്രസ്തുത ഡോക്യുമെന്ററിയുടെ പ്രദര്‍ശനം രാജ്യത്തെ വിവിധ വിഭാഗങ്ങള്‍ തമ്മിൽ വിദ്വേഷത്തിനിടയാക്കുമെന്നും മതേതര ഘടന തകർക്കുമെന്നുമാണ് ഹര്‍ജിക്കാരന്റെ വാദം.
മുസ്ലീം ന്യൂനപക്ഷ വിഭാഗങ്ങള്‍ രാജ്യത്ത് ഭയത്തോടെയാണ് ജീവിക്കുന്നതെന്ന സന്ദേശമാണ് ഡോക്യുമെന്ററി നല്‍കാന്‍ ശ്രമിക്കുന്നത്. ഇതിലൂടെ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷം ഉണ്ടാക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതാണ് ‘ഇന്ത്യ…ഹു ലിറ്റ് ദി ഫ്യൂസ്’ എന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. കൂടാതെ, ഇന്ത്യൻ ഭരണകൂടത്തെ, ന്യൂനപക്ഷങ്ങളുടെ താൽപര്യത്തിനു വിരുദ്ധമായി പ്രവർത്തിക്കുന്നവരായി ചിത്രീകരിക്കുന്നതായും ഹര്‍ജിക്കാരന്‍ വാദിച്ചു.
ഹര്‍ജി പരിഗണിച്ച അലഹബാദ് കോടതി, ഡോക്യുമെന്ററിയുടെ ഉള്ളടക്കം അധികൃതർ പരിശോധിക്കുന്നതുവരെ പ്രദര്‍ശിപ്പിക്കുന്നത് തടയാന്‍ കേന്ദ്രം വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ഉത്തരവിട്ടു. ജസ്റ്റിസ് അശ്വനി കുമാർ മിശ്ര, ജസ്റ്റിസ് അശുതോഷ് ശ്രീവാസ്തവ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.