Sunday, April 20, 2025

ഛത്തീസ്ഗഢില്‍ മൂന്ന് മാവോയിസ്റ്റുകൾ അറസ്റ്റില്‍ : സ്‌ഫോടകവസ്തുക്കള്‍ സുരക്ഷാ സേന പിടിച്ചെടുത്തു

ഛത്തീസ്ഗഢില്‍ മൂന്ന് മാവോയിസ്റ്റുകളെ സുരക്ഷ സേന പിടികൂടിയതായി റിപ്പോര്‍ട്ട്. ഇവരില്‍ നിന്നും ബോംബുകള്‍ ഉള്‍പ്പടെയുള്ള സ്‌ഫോടകവസ്തുക്കള്‍ കണ്ടെടുത്തു. ബീജാപൂര്‍ ജില്ലയിലെ പുസ്നാര്‍ ഗ്രാമത്തില്‍ നിന്ന് ഞായറാഴ്ചയാണ് മാവോയിസ്റ്റുകളെ പിടികൂടിയത്.

മാവോയിസ്റ്റ് ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനുള്ള പോസ്റ്ററുകളും ബാനറുകളും സ്ഥാപിക്കാനും സ്ഫോടകവസ്തുക്കള്‍ എത്തിക്കാനും ചുമതലയുണ്ടായിരുന്നവരെയാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം പിടികൂടിയതെന്നാണ് പോലീസിന്‍റെ നിഗമനം. ഇവരെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണെന്നും മേഖലയില്‍ പരിശോധന ശക്തമാക്കിയതായും പോലീസ് അറിയിച്ചു. സിആര്‍പിഎഫിന്റെ 85ാം ബറ്റാലിയിന്‍, ജില്ലാ റിസര്‍വ് ഗാര്‍ഡ്, പ്രാദേശിക പോലീസ് എന്നിവരും ഈ ഓപ്പറേഷനില്‍ പങ്കെടുത്തിരുന്നു.

അതേസമയം, ഒരു ടിഫിന്‍ ബോംബ്, ജലാറ്റിന്‍ റോഡ്, സുരക്ഷാ ഫ്യൂസ്, ഇലക്ട്രിക് വയര്‍, മാവോയിസ്റ്റ് സാഹിത്യങ്ങള്‍, ലഘുലേഖകള്‍ എന്നിവയാണ് ഇവരില്‍നിന്നും കണ്ടെടുത്തതെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രദേശത്തെ ദണ്ഡകാരണ്യ ആദിവാസി കിസാന്‍ മജ്ദൂര്‍ സംഘടനയിലെ അംഗങ്ങളായ രമേഷ് പുനെം (28), ഭീമ പുനെം (21), സുക്കു ധ്രുവ (38) എന്നിവരെയാണ് പോലീസ് പിടികൂടിയത്.

Latest News