Friday, February 28, 2025

സുമിയില്‍ നിന്നുള്ള വിദ്യാര്‍ഥികളുമെത്തി; ഓപ്പറേഷന്‍ ഗംഗ പൂര്‍ത്തിയായി

സുമിയില്‍ നിന്നുള്ള വിദ്യാര്‍ഥികളെല്ലാം ഇന്ത്യയിലേക്ക് മടങ്ങിയതോടെ ഓപറേഷന്‍ ഗംഗ ദൗത്യം പൂര്‍ത്തിയായിരിക്കുകയാണ്. ആശങ്കയോടെ യുക്രെയ്‌നിലെ പല നഗരങ്ങളിലും തങ്ങിയ 18000ല്‍ അധികം ഇന്ത്യന്‍ വിദ്യാര്‍ഥികളെയാണ് കേന്ദ്ര സര്‍ക്കാരിന്റെ ഓപറേഷന്‍ ഗംഗ ദൗത്യം വഴി ഇന്ത്യയിലെത്തിച്ചത്. ഷെല്ലാക്രമണം നടക്കുന്ന മേഖലകളിലടക്കം ബങ്കറുകളിലും മറ്റും അഭയം പ്രാപിച്ചവര്‍ വളരെ ഭീതിയോടെയാണ് കഴിഞ്ഞിരുന്നത്. ഒരു ഘട്ടത്തില്‍ ഭക്ഷണവും കുടിവെള്ളവും വരെ തീര്‍ന്നവരും ഇക്കൂട്ടത്തിലുണ്ട്. കിലോമീറ്ററുകള്‍ നടന്നാണ് പലരും അതിര്‍ത്തികളിലെത്തിയത്.

ഇന്ത്യന്‍ വിദ്യാര്‍ഥികളെ സുരക്ഷിതമായി ഒഴിപ്പിക്കാന്‍ റഷ്യയുടേയും യുക്രെയ്‌ന്റേയും പിന്തുണ ഇന്ത്യ തേടിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി പുടിനുമായും സെലസ്‌കിയുമായും പലവട്ടം ചര്‍ച്ച നടത്തി. തുടര്‍ന്നാണ് കീവിലും കാര്‍ഖീവിലും സുമിലും അടക്കം നഗരങ്ങളില്‍ റഷ്യ താല്‍കാലിക വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചത്. വിദ്യാര്‍ഥികളെ അതിര്‍ത്തികളിലേക്ക് എത്തിക്കാന്‍ സുരക്ഷിത ഇടനാഴിയും ഒരുക്കി. ഇതോടെ ഓപറേഷന്‍ ദൗത്യം വേഗത്തിലായി.

ദൗത്യത്തിന് വേഗം കൂട്ടാനും വിദ്യാര്‍ഥികളുടെ അടക്കം ആശങ്ക പരിഹരിക്കാനും കേന്ദ്രമന്ത്രിമാര്‍ തന്നെ നേരിട്ട് അതിര്‍ത്തി മേഖലകളിലെത്തി ഓപറേഷന്‍ ഗംഗയുടെ ഭാഗമായി. ഇതിനിടെ സാധനം വാങ്ങാന്‍ ക്യൂ നിന്ന ഇന്ത്യന്‍ വിദ്യാര്‍ഥി കര്‍ണാടക സ്വദേശി നവീന്‍ ഷെല്ലാക്രമണത്തില്‍ മരിച്ചത് തീരാനോവായി. ദൗത്യത്തിന്റെ ഭാഗമായി അതിര്‍ത്തികളില്‍ നിന്ന് വിദ്യാര്‍ഥികളെ ഇന്ത്യയിലെത്തിക്കാന്‍ സ്വകാര്യ വിമാനങ്ങളാണ് ആദ്യം തയാറായത്. പിന്നീട് വ്യോമ സേനയുടെ വിമാനങ്ങളും എത്തി.

Latest News