ജുഡീഷ്യറിയുടെ അധികാരം വെട്ടിക്കുറക്കുന്ന ഭരണപരിഷ്കാരവുമായി ഇസ്രായേല്‍ ഭരണകൂടം. ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന്, ഒരിക്കല്‍ പിൻവലിച്ച നിയമമാണ് ചെറുമാറ്റങ്ങളോടെ നെതന്യാഹു സര്‍ക്കാര്‍ തിരിച്ചുകൊണ്ടുവരുന്നത്. ജുഡീഷ്യറിയും ഭരണകൂടവും തമ്മിലുള്ള അധികാര സന്തുലനമാണ് ഉദ്ദേശിക്കുന്നതെന്നാണ് സര്‍ക്കാര്‍ വാദം.
കഴിഞ്ഞ മാർച്ചിലാണ് ജുഡീഷ്യറിയെ നോക്കുകുത്തിയാക്കുന്ന രീതിയിലുളള ഭരണപരിഷ്കാരവുമായി നെതന്യാഹു സര്‍ക്കാര്‍ രംഗത്തെത്തിയത്. സർക്കാരിനെതിരെ വിധി പറയാൻ അധികാരം നിഷേധിക്കുന്നതടക്കമുളള നിയമഭേദഗതികളാണ് ജുഡീഷ്യറിക്കെതിരെ കൊണ്ടുവന്നത്. എന്നാല്‍ സർക്കാർ നിലനിൽപ്പ് തന്നെ അപകടകരമാകുംവിധം ജനങ്ങളുടെ നേതൃത്വത്തില്‍ പ്രതിഷേധം ആരംഭിച്ചതോടെ നിയമം പിന്‍വലിക്കുകയായിരുന്നു.
നിലവില്‍ ഈ നിയമം ചെറുമാറ്റങ്ങളോടെയാണ് സര്‍ക്കാര്‍ വീണ്ടും കൊണ്ടുവരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സർക്കാരിനെതിരെ നടപടിയെടുക്കാൻ സുപ്രീം കോടതിക്ക് അധികാരം തിരിച്ചുനല്‍കുമെന്നും ഭരണൂടം പറയുന്നു. എന്നാല്‍ സര്‍ക്കാരിന് സംരക്ഷണം നല്‍കുന്നതും അഴിമതിക്ക് വാതിൽ തുറന്നിടുന്നതുമാകും പരിഷ്കരിച്ച നിയമമെന്നും വിമര്‍ശനമുണ്ട്. അതിനാല്‍ നെതന്യാഹുവിനെതിരെ ജനം വീണ്ടും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.