ഈ വര്‍ഷം അവസാനത്തോടു കൂടി ഹൈഡ്രജന്‍ ട്രെയിനുകള്‍ ഓടിത്തുടങ്ങുമെന്ന് റിപ്പോര്‍ട്ട്. ഇതിനായി ഹരിയാനയിലെ ജിന്ദ് ജില്ലയില്‍ ഹൈഡ്രജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കുമെന്നാണ് വിവരം. നോര്‍ത്തേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ ശോഭന്‍ ചൗധരിയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ജര്‍മ്മനിയില്‍ മാത്രമാണ് നിലവില്‍ ഹൈഡ്രജന്‍ ട്രെയിനുകള്‍ സര്‍വ്വീസ് നടത്തുന്നത്. “തികച്ചും പരിസ്ഥിതിസൗഹാര്ദ്ദമായുള്ള സംവിധാനമായതിനാല്‍ ഹൈഡ്രജന്‍ ട്രെയിനുകള്‍ ഡീസലിൽ ഓടുന്ന ട്രെയിനുകളേക്കാൾ കൂടുതൽ പരിസ്ഥിതിസൗഹൃദമായി മാറുന്നു. കാർബൺ ഡയോക്സൈഡ്, നൈട്രജൻ ഓക്സൈഡുകൾ പോലുള്ള ദോഷകരമായ മലിനീകരണം പുറപ്പെടുവിക്കുന്നില്ല” – ജിന്ദിലെ പ്ലാന്റിന്റെ നിര്‍മ്മാണം അവസാനഘട്ടത്തിലാണെന്നും ശോഭന്‍ ചൗധരി പറഞ്ഞു. എങ്ങനെയാണ് ഇന്ത്യയില്‍ ഇത്തരം ട്രെയിനുകള്‍ ആരംഭിക്കുന്നത് എന്നറിയാന്‍ ലോകം കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹൈഡ്രജന്‍ ട്രെയിനുകളുടെ പരീക്ഷണാടിസ്ഥാനത്തിലുളള സര്‍വ്വീസ് ജിന്ദ് – സോനിപത് മേഖലയില്‍ അവതരിപ്പിക്കുമെന്നാണ് വിവരം. എട്ട് ബോഗികളാണ് ഹൈഡ്രജന്‍ ട്രെയിനുകള്‍ക്കുള്ളത്.