ഭൂകമ്പം കനത്ത നാശം വിതച്ച തുര്‍ക്കിയിലും സിറിയയിലും കിടപ്പാടം നഷ്ടപ്പെട്ടവര്‍ക്കായി വാഗ്ദാനം ചെയ്ത മൊബൈൽ വീടുകളിലെ അവസാന ബാച്ചും ഖത്തര്‍ കൈമാറി. ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റിനു കീഴിൽ എല്ലാവിധ താമസ സൗകര്യങ്ങളോടും കൂടിയ മൊബൈൽ വീടുകളാണ് ദുരിതബാധിതര്‍ക്കായി എത്തിയിരിക്കുന്നത്. നേരത്തെ 4,000 വീടുകള്‍ ഇരുരാജ്യങ്ങള്‍ക്കുമായി ഖത്തര്‍ കൈമാറിയിരുന്നു.
ദുരിതാശ്വാസ വസ്തുക്കളെത്തിച്ചും രക്ഷാപ്രവർത്തനത്തിന് സൈന്യത്തെ അയച്ചും സഹായിച്ചതിനു പിന്നാലെയാണ് 10,000 വിടുകള്‍ തുർക്കി, സിറിയ മേഖലയില്‍ ഖത്തര്‍ എത്തിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിലുണ്ടായ ഭൂകമ്പദുരന്തം അരലക്ഷത്തോളം പേരുടെ ജീവൻ കവരുകയും ദശലക്ഷം ജനങ്ങൾക്ക് കിടപ്പാടം നഷ്ടമാകുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് ഖത്തര്‍ മൊബൈല്‍ വീടുകള്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചത്. ഇതിന്റെ ആദ്യഘട്ടമായി മുഴുവന്‍ ഫര്‍ണിഷ് ചെയ്ത 4000 കാബിനുകൾ കടൽമാർഗ്ഗം എത്തിച്ചിരുന്നു. ഇവയിൽ ഏറ്റവും ഒടുവിലത്തെ ബാച്ചാണ് കഴിഞ്ഞ ദിവസം ദുരന്തബാധിതർക്ക് കൈമാറിയത്.
അതേസമയം, ലോകകപ്പ് ഫുട്ബോൾ വേളയിൽ കാണികളുടെ താമസത്തിനുപയോഗിച്ച കണ്ടെയ്നർ കാബിനുകളാണ് ദുരന്തബാധിതർക്ക് നൽകിയിരിക്കുന്നത്.
രണ്ട് കിടക്കകളും ചെറുമേശയും കസേരയും എയർകണ്ടീഷൻ സംവിധാങ്ങളോടും കൂടിയുള്ളവയായിരുന്നു ഇത്.