Monday, November 25, 2024

ടൈറ്റന്‍ ദുരന്തം; അന്വേഷണം പ്രഖ്യാപിച്ച് രാജ്യാന്തര സംഘം

അഞ്ചുപേരുടെ മരണത്തിനിടയാക്കിയ ടൈറ്റന്‍ ദുരന്തത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് രാജ്യാന്തര സംഘം. യുഎസ്, ഫ്രാൻസ്, കാനഡ, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളിൽ നിന്നുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് തെളിവുകൾ ശേഖരിച്ചുവരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

അറ്റ്ലാന്റിക്കില്‍ തകര്‍ന്ന ടൈറ്റന്റെ അവശിഷ്ടങ്ങൾ പുറത്തെത്തിക്കാനുള്ള ശ്രമമാണ് നിലവില്‍ നടക്കുന്നത്. ഇതിന്റെ ഭാഗമായി അപകടസ്ഥലം തിരിച്ചറിഞ്ഞു കഴിഞ്ഞതായി അമേരിക്കൻ തീരദേശസേന ക്യാപ്റ്റൻ ജാസൺ ന്യൂബോർ വ്യക്തമാക്കിയിട്ടുണ്ട്. ന്യൂ ഫൗണ്ട്‍ലാൻഡിലെ സെന്റ് ജോൺസ് തുറമുഖത്ത് കാനഡ അധികൃതരുമായി സഹകരിച്ചാണ് അമേരിക്ക തെളിവുകൾ ശേഖരിച്ചുവരുന്നത്.

പേടകത്തിന്റെ രൂപകല്പനയിലെ പിഴവാണ് അപകടകാരണമെന്നായിരുന്നു പ്രാഥമിക വിലയിരുത്തല്‍. കാർബൺ ഫൈബറും ടൈറ്റാനിയവും ചേർന്ന മിശ്രിതം കൊണ്ട് നിര്‍മ്മിച്ചിരിക്കുന്നതിനാല്‍ ഈ അന്തർവാഹിനിക്ക് ഉയർന്ന സമ്മർദ്ദം താങ്ങാൻ സാധിച്ചിരുന്നില്ല. ഇത് പേടകം പൊട്ടിത്തെറിക്കുന്നതിലേക്ക് നയിച്ചെന്ന് വിദഗ്ദര്‍ വിലയിരുത്തി. ഇതിനു പിന്നാലെയാണ് കൂടുതല്‍ വിദഗ്ദാന്വേഷണത്തിന് രാജ്യാന്തര സംഘം ഒരുങ്ങുന്നത്.

അതേ സമയം, സുരക്ഷാ മാനദണ്ഡങ്ങൾ പരിശോധിക്കുന്ന ഒരു രാജ്യാന്തര ഏജൻസിയുടെയും അംഗീകാരം ടൈറ്റന് ലഭിച്ചിട്ടില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. മുങ്ങിക്കപ്പലിന്റെ ഉടമയായ ഓഷ്യൻ ഗേറ്റ് എക്സ്പെഡീഷൻസ് കമ്പനിയുടെ രജിസ്ട്രേഷന്‍ അമേരിക്കയിലും എന്നാല്‍ മുങ്ങിക്കപ്പലിന്റെയും മാതൃകമ്പനിയായ പോളാർ പ്രിൻസിന്റെയും രജിസ്ട്രേഷനുകള്‍ കാനഡയിലും ബഹമാസിലുമാണ്.

Latest News