Monday, November 25, 2024

മോദിയോട് ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ സൈബര്‍ ആക്രമണം; അപലപിച്ച് വൈറ്റ് ഹൗസ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശനത്തോടനുബന്ധിച്ച് ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ സൈബര്‍ ആക്രമണം. വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ മാധ്യമപ്രവര്‍ത്തക സബ്രീന സിദ്ദിഖിയാണ് സൈബര്‍ ആക്രമണം നേരിടുന്നത്. മാധ്യമപ്രവര്‍ത്തകയ്ക്ക് എതിരായ സൈബര്‍ ആക്രമണത്തെ അപലപിച്ച് വൈറ്റ് ഹൗസ് രംഗത്തെത്തി.

മുസ്ലീങ്ങളുടെയും മറ്റ് ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ഇന്ത്യന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളെക്കുറിച്ചായിരുന്നു സബ്രീനയുടെ ചോദ്യം. പിന്നാലെ ഇവര്‍ക്കെതിരെ കടുത്ത ഭീഷണിയും അധിക്ഷേപ ഉള്ളടക്കങ്ങളോടു കൂടിയ സൈബര്‍ ആക്രമണങ്ങളും നടക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് സംഭവത്തിനെതിരെ തിങ്കളാഴ്ച വൈറ്റ് ഹൗസില്‍ നടന്ന പത്രസമ്മേളനത്തില്‍ നിലപാട് അറിയിച്ചത്.

“സബ്രീനക്കെതിരായ ആക്രമണത്തിന്റെ റിപ്പോര്‍ട്ടുകളെക്കുറിച്ച് ഞങ്ങള്‍ക്കറിയാം. ഇത് അംഗീകരിക്കാനാവില്ല” എന്ന് ദേശീയ സുരക്ഷാ കൗണ്‍സിലിലെ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷന്‍സ് കോര്‍ഡിനേറ്റര്‍ ജോണ്‍ കിര്‍ബി പറഞ്ഞു. മാധ്യമപ്രവര്‍ത്തകരെ എവിടെയും ഏതു സാഹചര്യത്തിലും ഉപദ്രവിക്കുന്നതിനെ വൈറ്റ് ഹൗസ് അപലപിക്കുന്നു. അവരെ ഉപദ്രവിക്കുന്നത് ജനാധിപത്യത്തിന്റെ തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest News