Monday, November 25, 2024

ഹോളിവുഡ് നടനും ടൈറ്റാനിക്കിലെ ശ്രദ്ധേയ താരവുമായിരുന്ന ലെവ് പാൾട്ടർ അന്തരിച്ചു

ജെയിംസ് കാമറൂൺ ചിത്രം ടൈറ്റാനിക്കിലൂടെ ശ്രദ്ധേയനായ ഹോളിവുഡ് നടൻ ലെവ് പാൾട്ടർ (94) അന്തരിച്ചു. ശ്വാസകോശ അർബുദത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം. ചലച്ചിത്രങ്ങള്‍ക്കു പുറമേ നിരവധി ടെലിവിഷൻ ഷോകളിലും സീരിയലുകളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്.

1967 മുതൽ പാൾട്ടർ സിനിമാരംഗത്ത് സജീവമാണ്. ടൈറ്റാനിക്കിലെ ഇസിഡോർ സ്‌ട്രോസ് എന്ന കഥാപാത്രത്തെയാണ് പാൾട്ടർ അവതരിപ്പിച്ചത്. ചിത്രത്തിലെ കപ്പല്‍ദുരന്തത്തില്‍ ദാരുണമായി മരിച്ച 1500 പേരില്‍ ഒരാളായ ഇദ്ദേഹം റിട്ടെയിൽ വ്യവസായി ആയിട്ടാണ് വേഷമിട്ടത്. വാൾട്ടർ മത്തൗ, ജിൽ ക്ലേബർഗ്, ബർണാർഡ് ഹ്യൂസ് എന്നിവർ അഭിനയിച്ച ഫസ്റ്റ് മൺണ്ടേ ഇൻ ഓക്ടോബർ (1981) എന്ന സിനിമയിൽ സുപ്രീം കോടതി ജസ്റ്റിസുമാരിൽ ഒരാളായി അദ്ദേഹം അഭിനയിച്ചു. കൂടാതെ, ദി ഫ്ലയിങ് നൺ, ഹിൽ സ്ട്രീറ്റ് ബ്ലൂസ്, എൽ.എ ലോ എന്നിവയാണ് മറ്റു പ്രധാന സിനിമകൾ.

ടൈറ്റാനിക്കിനു ശേഷം അഭിനയത്തിൽ നിന്ന് വിട്ടുനിന്ന് സ്‌കൂളിൽ അധ്യാപകനായി ജോലി ചെയ്ത പാൾട്ടർ 2013-ൽ വിരമിച്ചു. അഭിനേതാക്കളായ സിസലി സ്‌ട്രോങ്, ഡോൺ ചെഡിൽ, എഡ് ഹാരിസ് എന്നിവർ അദ്ദേഹത്തിന്റെ വിദ്യാർത്ഥികളിൽ ചിലരാണ്. പങ്കാളിയായ നാൻസി 2020-ൽ മരിച്ചു.

Latest News