അസമിൽ, തെരുവുകളില്‍ താമസിക്കുന്നവരുടെ എണ്ണം ഗണ്യമായി വര്‍ദ്ധിക്കുന്നതിനാല്‍ പുനരധിവാസ പാക്കേജുമായി സംസ്ഥാന സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട് ഗുവാഹത്തിയിലെ ഭവനരഹിതരായ ആളുകളെ പോലീസ് സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റി. കാംരൂപ് (മെട്രോ) ഡെപ്യൂട്ടി കമ്മീഷണര്‍ പല്ലവ് ഗോപാല്‍ ഝാ ഉലുബാരി പ്രദേശം സന്ദര്‍ശിക്കുകയും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേരിട്ട് നേതൃത്വം നല്‍കുകയും ചെയ്തതായാണ് വിവരം.
ഗുവാഹത്തിയിലെ ഉലുബാരിയിലെ മേല്‍പ്പാലത്തിനടിയില്‍ താമസിക്കുന്നവരെയാണ് പോലീസ് ഉദ്യോഗസ്ഥരെത്തി സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിയത്. മേല്‍പ്പാലത്തിനടിയില്‍ കുടുംബത്തോടൊപ്പം താമസിക്കുന്നവര്‍ക്ക് താമസ സൗകര്യവും വരുമാനമാര്‍ഗ്ഗവും നല്‍കണമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് പോലീസ് ഇടപെട്ട് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.
കഴിഞ്ഞ മൂന്ന്, നാല് മാസത്തിനിടെ ഭവനരഹിതരുടെയും തെരുവില്‍ താമസിക്കുന്നവരുടെയും എണ്ണം ഗണ്യമായി വര്‍ദ്ധിച്ചിട്ടുണ്ട്. ഇത് വിവിധ തരത്തിലുള്ള വെല്ലുവിളി ഉയര്‍ത്തുന്നുണ്ടെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തല്‍. അതിനാല്‍ അങ്ങനെയുള്ളവരെ ഷെല്‍ട്ടര്‍ ഹോമുകളിലേക്കും എന്‍ജിഒകളിലേക്കും മാറ്റാനാണ് അസം സര്‍ക്കാര്‍ പദ്ധതിയിടുന്നത്.