വൈറ്റ് ഹൗസ് വിട്ടശേഷവും മുന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് രഹസ്യപ്രാധാന്യമുള്ള രേഖകള്‍ കൈവശം വച്ചെന്ന് സ്ഥിരീകരിക്കുന്ന ശബ്ദരേഖ യുഎസ് മാധ്യമങ്ങള്‍ പുറത്തുവിട്ടു. നേരത്തെ പ്രോസിക്യൂട്ടർമാർ സൂചിപ്പിച്ച ശബ്ദരേഖ തന്നെയാണ് ഇതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ന്യൂജഴ്സിയിലെ ഗോൾഫ് ക്ലബ്ബിൽ വച്ചാണ് ഈ സംഭാഷണം നടന്നതെന്നും കരുതുന്നു.
ചില പേപ്പറുകൾ പരിശോധിച്ച് ‘ഇത് തികച്ചും രഹസ്യമാണ്’ എന്ന് ട്രംപ് പറയുന്നതാണ് ശബ്ദരേഖയിലുള്ളത്. ഇറാനെക്കുറിച്ചുള്ള രേഖകള്‍ പരാമർശിച്ചുള്ളതാണ് ഇതെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. “സൈന്യമാണ് ഇത് ചെയ്തത്. അവർ എനിക്ക് തന്നു. പ്രസിഡന്റ് എന്ന നിലയിൽ എനിക്ക് അത് അന്ന് പരസ്യമാക്കാമായിരുന്നു. ഇപ്പോൾ അതിന് കഴിയില്ല. കാരണം ഇത് ഇപ്പോഴും ഒരു പരമരഹസ്യമാണ്” – ശബ്ദരേഖയിൽ ട്രംപ് പറയുന്നു. ശബ്ദരേഖകള്‍ പുറത്തുവന്നതോടെ 2024-ലെ പൊതുതിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ തയ്യാറെടുക്കുന്ന ട്രംപിന് കടുത്ത വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
ജൂണ്‍ 9-നാണ് ദേശീയ സുരക്ഷാരേഖകൾ കൈവശം വച്ചതിന് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ അമേരിക്കയിലെ ഫെഡറല്‍ ഗ്രാന്‍റ് ജൂറി കുറ്റപത്രം സമര്‍പ്പിച്ചത്. രഹസ്യഫയലുകൾ അനധികൃതമായി സൂക്ഷിക്കൽ, തെറ്റായ പ്രസ്താവനകൾ നടത്തൽ, ഗൂഢാലോചന തുടങ്ങി ഏഴു കുറ്റങ്ങളാണ് ട്രംപിനെതിരെ ഫെഡറല്‍ ഗ്രാന്‍റ് ജൂറി ചുമത്തിയത്.