പലപ്പോഴും ഭക്ഷണം ഉണ്ടാക്കുന്നതിൽ പൊതുവെ വിമുഖത കാട്ടുന്നവരാണ് കോളേജ് വിദ്യാർത്ഥികൾ. എന്നാൽ യുക്രൈനിലെ കത്തോലിക്കാ സർവ്വകലാശാലയിൽ കാര്യങ്ങൾ നേരെ മറിച്ചാണ്. അവർ ഇപ്പോൾ ഭക്ഷണം ഉണ്ടാക്കുന്നത് തങ്ങളുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യം സംരക്ഷിക്കാൻ വേണ്ടിയാണ്.
കഴിഞ്ഞ കുറേ മാസങ്ങളായി ലിവിവിലെ യുക്രേനിയന്‍ കാത്തലിക് യൂണിവേഴ്‌സിറ്റിയിലെ ഡെവലപ്‌മെന്റ് പ്രൊഫഷണലായ നതാലിയ ബാറ്റിഹിനയും കൂട്ടുകാരും റഷ്യയുടെ അധിനിവേശത്തിനെതിരെ പോരാടുന്ന യുക്രേനിയന്‍ സൈനികർക്ക് ഭക്ഷണം തയ്യാറാക്കി നൽകുകയാണ്. ഇതുവരെ, നതാലിയയും കൂട്ടുകാരും 30,000 എനർജി ബാറുകൾ, കൂടാതെ ‘പ്ലിയാക്കി’ എന്നു വിളിക്കുന്ന നൂറുകണക്കിന് ഫ്ലാറ്റ് കേക്കുകൾ, സാലഡ് തുടങ്ങിയവ വിതരണം ചെയ്തു. ഇതു കൂടാതെ, യുദ്ധമുഖത്ത് പോരാടുന്ന സൈനികർക്കായി സ്ഥാപിതമായ വിതരണശൃംഖലകൾ വഴി ഭക്ഷണം അയക്കുന്നുമുണ്ട്.
2022 ഫെബ്രുവരിയിൽ റഷ്യയുടെ യുക്രൈൻ അധിനിവേശത്തിന് ദിവസങ്ങൾക്കു ശേഷമാണ് നതാലിയ ഭക്ഷണവിതരണം ആരംഭിച്ചത്. സുഹൃത്തുക്കൾക്കൊപ്പം 28-കാരിയായ നതാലിയ ഒരു ദിവസം 600 മുതൽ 700 വരെ എനർജി ബാറുകൾ തയ്യാറാക്കി നൽകുന്നു.
യുക്രേനിയന്‍ കാത്തലിക് യൂണിവേഴ്സിറ്റിയുടെ എമ്മാവൂസ് ഹൗസിന്റെ കിച്ചണിലാണ് ഭക്ഷണം തയ്യാറാക്കുന്നത്. മാനസിക ബുദ്ധിമുട്ട് നേരിടുന്നവർക്കായുള്ള ഒരു കമ്മ്യൂണിറ്റി ഹോമാണ് എമ്മാവൂസ് ഹൗസ്. സർവ്വകലാശാല വിദ്യാർത്ഥികളും എമ്മാവൂസ് ഹൗസിലെ അന്തേവാസികളും ഒത്തൊരുമിച്ചാണ് ഭക്ഷണം തയ്യാറാക്കുന്നത്.