Sunday, November 24, 2024

അംഗരാജ്യങ്ങള്‍ക്കെതിരായി ഏതൊരു ആക്രമണം ഉണ്ടായാലും പ്രതിരോധിക്കും: നാറ്റോ

റഷ്യന്‍ കൂലിപ്പട്ടാളത്തിന്റെ തലവന്‍ യെവ്ജെനി പ്രിഗോഷിന്റെ ബെലാറസിലെ സാന്നിധ്യം നിരീക്ഷിച്ച് നാറ്റോ. അന്താരാഷട്ര സൈനിക സഖ്യത്തിലെ കിഴക്കൻ യൂറോപ്യൻ അംഗങ്ങൾക്ക് അസ്ഥിരതയുണ്ടാക്കുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് നാറ്റോയുടെ നിരീക്ഷണം. അംഗരാജ്യങ്ങള്‍ക്കെതിരായി ഏതൊരു ആക്രമണം ഉണ്ടായാലും പ്രതിരോധിക്കുമെന്നും നാറ്റോ പ്രഖ്യാപിച്ചു.

സായുധ കലാപഭീഷണിയുമായി റഷ്യയെ 24 മണിക്കൂർ മുൾമുനയിൽ നിർത്തിയ ശേഷം ചൊവ്വാഴ്ചയാണ് പ്രിഗോഷിന്‍ ബെലാറൂസില്‍ എത്തിയത്. ബെലാറൂസ് പ്രസിഡന്റ് അലക്‌സാണ്ടർ ലുകാഷെങ്കോ നടത്തിയ ഒത്തുതീർപ്പ് കരാറിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ നീക്കം. എന്നാല്‍ വാഗ്നർ കൂലിപ്പട്ടാളത്തിന്റെ ബെലാറൂസിലെ സാന്നിധ്യം നാറ്റോ അംഗരാജ്യങ്ങള്‍ക്ക് ഭീഷണിയാകുമെന്നാണ് കിഴക്കൻ രാജ്യങ്ങളുടെ ആശങ്ക.

“വാഗ്നർ അതിന്റെ സീരിയൽ കില്ലർമാരെ ബെലാറൂസിൽ വിന്യസിച്ചാൽ, എല്ലാ അയൽരാജ്യങ്ങളും വലിയ അപകടത്തെ അഭിമുഖീകരിക്കും” – ലിത്വാനിയൻ പ്രസിഡന്റ് ഗിറ്റാനസ് നൗസെദ ഹേഗിൽ പറഞ്ഞു. എന്നാല്‍ അംഗരാജ്യങ്ങള്‍ക്കെതിരായ ഏതൊരു ആക്രമണത്തേയും പ്രതിരോധിക്കുമെന്നാണ് നാറ്റോയുടെ പ്രഖ്യാപനം. “ഏതു ഭീഷണിയേയും പ്രതിരോധിക്കാൻ പാശ്ചാത്യ സൈനികസഖ്യം തയ്യാറാണ്” നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബെർഗ് അറിയിച്ചു.

ബെലാറൂസ് സൈന്യത്തില്‍ വാഗ്നര്‍ സേനയെ ചേ​ർ​ക്കാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇതിനായി പ്ര​തി​രോ​ധ മ​ന്ത്രി വി​ക്ട​ർ ഖ്രെ​ന്നി​ക്കോ​വ് പ്ര​സി​ഡ​ന്റു​മാ​യി ചര്‍ച്ച നടത്തിയതായാണ് വിവരം.​

Latest News