പ്രിഡേറ്റർ ഡ്രോണുകൾ വാങ്ങാന്‍ യുഎസുമായി കരാര്‍ ഏര്‍പ്പെട്ടതില്‍ ക്രമക്കേടുണ്ടെന്ന് ആരോപണവുമായി കോൺഗ്രസ് വക്താവ് പവൻ ഖേര. യഥാര്‍ത്ഥ വിലയേക്കാള്‍ ഇരട്ടിവിലക്ക് ഇന്ത്യ എന്തിനാണ് ഡ്രോണുകൾ വാങ്ങിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും ഖേര ആവശ്യപ്പെട്ടു. റഫാലിനു സമാനമായ ക്രമക്കേടാണ് പ്രിഡേറ്റർ ഡ്രോണുകളിലുമെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.
ജനറൽ ആറ്റോമിക്സ് നിർമിക്കുന്ന 31 MQ-9B പ്രിഡേറ്റർ ഡ്രോണുകളാണ് ഇന്ത്യ വാങ്ങുന്നത്. 25,000 കോടി രൂപയ്ക്കാണ് കരാര്‍ ഒപ്പിട്ടിരിക്കുന്നത്. നിരവധി രാജ്യങ്ങൾ ഈ പ്രിഡേറ്റർ ഡ്രോണുകളോ സമാനമായ വേരിയന്റുകളോ ഇന്ത്യയേക്കാള്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങിയിട്ടുണ്ട്. എ.ഐ ഇന്റഗ്രേഷൻ ഇല്ലാത്ത ഡ്രോണ്‍ കൂടിയായിട്ടും ഇത്ര അധികം വിലയ്ക്ക് കരാറില്‍ ഏര്‍പ്പെട്ടത് എന്തിനാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. 18 പ്രിഡേറ്റർ ഡ്രോണുകളുടെ ആവശ്യകതയുള്ളെന്ന് ഇന്ത്യന്‍ സായുധ സേന സര്‍ക്കാരിനെ അറിയിക്കുകയും ചെയ്തിരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, പ്രിഡേറ്റർ ഡ്രോണുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരിക്കാൻ ബി.ജെ.പി ഇതുവരെ തയാറായിട്ടില്ല. ഇത് യു.എസ് സർക്കാർ ഉദ്ധരിച്ച വിലയാണെന്നും വിലയും നിബന്ധനകളും വാങ്ങലും ഇതുവരെ അന്തിമമായിട്ടില്ലെന്നും സർക്കാരിന്റെ നോഡൽ ഏജൻസിയായ പ്രസ് ഇൻഫർമേഷൻ ബ്യൂറോ, ടി.എം.സി വക്താവ് സാകേത് ഗോഖലെ വ്യക്തമാക്കി.