Monday, November 25, 2024

സൗദിയിലെ യുഎസ് കോണ്‍സുലേറ്റിനു പുറത്ത് ആക്രമണം; രണ്ടുപേര്‍ കൊല്ലപ്പെട്ടു

സൗദി അറേബ്യയിലെ യുഎസ് കോണ്‍സുലേറ്റിനു പുറത്തുണ്ടായ വെടിവയ്പ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. നേപ്പാള്‍ സ്വദേശിയായ ഒരു സുരക്ഷാ ജീവനക്കാരനും അക്രമിയുമാണ് കൊല്ലപ്പെട്ടത്. സംഭവത്തെക്കുറിച്ച് യുഎസ് എംബസിയും കോണ്‍സുലേറ്റും അന്വേഷിക്കുകയാണെന്നും സൗദി അധികൃതരുമായി ബന്ധപ്പെടുന്നുണ്ടെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് അറിയിച്ചു.

രാജ്യത്തെ തുറമുഖ നഗരമായ ജിദ്ദയിലെ അമേരിക്കന്‍ കോണ്‍സുലേറ്റ് കെട്ടിടത്തിനു സമീപം കാറിലെത്തിയ തോക്കുധാരിയായ ഒരാള്‍ നിറയൊഴിക്കുകയായിരുന്നു. പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥരുമായി വെടിവയ്പ്പുണ്ടായെന്നും അക്രമി കൊല്ലപ്പെട്ടെന്നും മക്ക മേഖലാ പോലീസ് വക്താവ് പറഞ്ഞു. കോണ്‍സുലേറ്റിന്റെ സ്വകാര്യ സെക്യൂരിറ്റിയുടെ ഭാഗമായിരുന്നു കൊല്ലപ്പെട്ട ഉദ്യോഗസ്ഥന്‍. അതേസമയം വെടിവയ്പ്പില്‍ യുഎസ് പൗരന്മാര്‍ക്ക് പരിക്കേറ്റിട്ടില്ലെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.

ഇതിനു മുമ്പ് 2004-ലും 2016-ലും ജിദ്ദയിലെ യുഎസ് കോണ്‍സുലേറ്റിനു നേരെ ആക്രമണം നടന്നിരുന്നു. 2004-ൽ നടന്ന ആക്രമണത്തിൽ, അഞ്ച് അക്രമികൾ തോക്കുകളും സ്ഫോടകവസ്തുക്കളുമായെത്തി കെട്ടിടം തകര്‍ക്കുകയും കോണ്‍സുലേറ്റിനു പുറത്തുണ്ടായിരുന്ന നാല് സൗദി സുരക്ഷാ ഉദ്യോഗസ്ഥരെയും അകത്തുണ്ടായിരുന്ന അഞ്ച് ജീവനക്കാരെയും കൊലപ്പെടുത്തിയിരുന്നു. സൗദി സേന എത്തുന്നതിനു മുമ്പ് 18 ജീവനക്കാരെയും വിസ അപേക്ഷകരെയും ബന്ദികളാക്കിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Latest News