Monday, November 25, 2024

ഓപ്പറേഷന്‍ തിയേറ്ററുകളില്‍ ഹിജാബ് വേണ്ട: നിലപാട് അറിയിച്ച് ഐഎംഎ

ഓപ്പറേഷന്‍ തിയേറ്ററുകളില്‍ ഹിജാബ് ധരിക്കാന്‍ അനുവാദം നല്‍കണമെന്ന ആവശ്യം തള്ളി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ). തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഏഴ് മുസ്ലീം വിദ്യര്‍ത്ഥിനികള്‍ നല്‍കിയ കത്തിലെ ആവശ്യമാണ് തള്ളിയത്. തിയേറ്ററുകളില്‍ രോഗിക്കാണ് മുന്‍ഗണന നല്‍കേണ്ടതെന്നും ഐഎംഎ വ്യക്തമാക്കി.

തല മറയ്ക്കുന്ന തരത്തിലുള്ള ശിരോവസ്ത്രവും നീളന്‍ കൈയ്യുള്ള സ്ക്രാബ് ജാക്കറ്റുകളും അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാര്‍ത്ഥിനികള്‍ പ്രിന്‍സിപ്പാളിന് കത്ത് നല്‍കിയത്. എന്നാല്‍ നിലവില്‍ ഓപ്പറേഷന്‍ തിയേറ്ററില്‍ ഹിജാബ് അനുവദിക്കാനാകില്ലെന്ന് പ്രിന്‍സിപ്പാൾ വ്യക്തമാക്കി. ഒരു വിദഗ്ധസമിതി രൂപീകരിച്ച് പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ തീരുമാനമായിട്ടുണ്ടെന്നും പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഇതേ തുടര്‍ന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ വിഷയത്തില്‍ ഇടപെട്ട് കത്ത് ബാലിശമാണെന്ന് വ്യക്തമാക്കിയത്.

“ഓപ്പറേഷൻ തീയേറ്ററിൽ പാലിക്കേണ്ടത് അന്താരാഷ്ട്ര മാനദണ്ഡമാണ്. മുൻഗണന നൽകേണ്ടത് രോഗിയുടെ സുരക്ഷയ്ക്കാണ്” – ഐഎംഎ വൃത്തങ്ങള്‍ പറഞ്ഞു. ഫുൾ സ്ലീവ് വസ്ത്രം ധരിക്കുന്നത് ഓപ്പറേഷന്‍ തീയേറ്ററുകളില്‍ പ്രായോഗികമല്ലെന്ന് ഡോ. ലിനറ്റ് ജോസഫ് പ്രതികരിച്ചു. ജാതി, മതം എന്നിവ കണക്കിലെടുക്കാതെ ലോകമെമ്പാടും പിന്തുടരുന്ന ശാസ്ത്രീയ സമ്പ്രദായം പാലിക്കണമെന്നും, മതത്തെ മെഡിക്കല്‍ രംഗത്തേക്ക് കൊണ്ടുവരാന്‍ ശ്രമിക്കരുതെന്നും വിഷയത്തില്‍ വിദഗ്ദര്‍ അഭിപ്രായപ്പെട്ടു.

Latest News