വിഖ്യാത മാസികയായ നാഷണൽ ജിയോഗ്രാഫിക്കില്‍ വീണ്ടും പിരിച്ചുവിടല്‍. സെപ്റ്റംബറിൽ, ആറ് പ്രമുഖ എഡിറ്റർമാരെ നീക്കം ചെയ്തതതിനു പിന്നാലെയാണ് മാസികയിലെ അവസാന സ്റ്റാഫ് റൈറ്ററിനെയും നാഷണൽ ജിയോഗ്രാഫിക് പിരിച്ചുവിട്ടത്. മാസികയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കായി ലേഖനങ്ങൾ എഴുതുന്നതിന് ഫ്രീലാൻസർമാരെ സമീപിക്കാനാണ് സാധ്യതയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ശാസ്ത്രത്തിലേയും പ്രകൃതിലോകത്തേയും ആഴത്തിലുള്ള ലേഖനങ്ങൾക്ക് പേരുകേട്ട മാസികയാണ് നാഷണൽ ജിയോഗ്രാഫിക്. അച്ചടിയുടെ ഇടിവും ഡിജിറ്റൽ ഇടങ്ങളുടെ വളർച്ചയും കാരണം മാസികയുടെ പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധി സൃഷ്ടിച്ചതോടെയാണ് പിരിച്ചുവിടല്‍ നീക്കം. 2015-ൽ പിരിച്ചുവിടലുകൾ ആരംഭിച്ചതിനു ശേഷമുള്ള നാലാമത്തെയും, ഒമ്പതു മാസത്തിനിടയിലെ രണ്ടാമത്തെയും പിരിച്ചുവിടലാണിത്. ഇതുവരെ 19 എഴുത്തുകാരെയാണ് നാഷണൽ ജിയോഗ്രാഫിക് പിരിച്ചുവിട്ടത്.
അതേസമയം, ഫ്രീലാൻസർമാരുടെയും ശേഷിക്കുന്ന എഡിറ്റർമാരുടെയും സഹായത്തോടെ മാസികയുടെ പുതിയ ലക്കങ്ങള്‍ ഇറക്കാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. വെട്ടിച്ചുരുക്കലിന്റെ ഭാഗമായി മാസിക ഓഡിയോ വിഭാഗത്തെയും ഒഴിവാക്കിയിട്ടുണ്ട്.
ചെലവു ചുരുക്കൽ നീക്കത്തിന്റെ ഭാഗമായി നാറ്റ് ജിയോ പ്രസിദ്ധീകരണങ്ങളുടെ തിളക്കമുള്ള-മഞ്ഞ-ബോർഡർ കോപ്പികൾ അടുത്ത വർഷം മുതൽ ന്യൂസ് സ്റ്റാൻഡുകളിൽ നിന്ന് ഒഴിവാക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.