ഇന്ത്യയുടെ ‘മേക്ക് ഇന്‍ ഇന്ത്യ’ ആശയത്തെ പ്രകീര്‍ത്തിച്ചുകൊണ്ട് റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമാര്‍ പുടിന്‍ രംഗത്ത്. അതില്‍ നിന്ന് ഇന്ത്യക്ക് നല്ല ഫലങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ സാമ്പത്തിക ഉപരോധം നേരിടുന്നതിനാല്‍, സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്താന്‍ ഇന്ത്യന്‍ മാതൃക സ്വീകരിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
“രാജ്യത്തെ വ്യവസായങ്ങളുടെയും ബിസിനസ്സുകളുടെയും വിപണികള്‍ അടച്ചിരിക്കുന്നതിനാല്‍ ഇന്ത്യയുടെ ‘മേക്ക് ഇന്‍ ഇന്ത്യ’ മാതൃകയില്‍ റഷ്യയില്‍ തദ്ദേശീയ ഉല്‍പന്നങ്ങള്‍ക്ക് ഊന്നല്‍ നല്‍കണം. ആവശ്യമായ എല്ലാ കാര്യങ്ങളും രാജ്യത്ത് തന്നെ ഒരുക്കാനും കഴിയണം.” പുടിന്‍ പറഞ്ഞു. നിലവിലെ സാമ്പത്തിക സ്തംഭനാവസ്ഥ തിരിച്ചുപിടിക്കാന്‍ ഇന്ത്യന്‍ മാതൃക സഹായിക്കുമെന്നും എന്നാല്‍ യുക്രൈന്‍ യുദ്ധത്തിന് ശേഷം ഏര്‍പ്പെടുത്തിയ ഉപരോധം റഷ്യന്‍ വിപണിയെ ബാധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, റഷ്യൻ പ്രസിഡന്‍റുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണില്‍ കൂടി ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തേണ്ടതിന്‍റെ പ്രാധാന്യം ഇരുവരും ഊന്നിപ്പറഞ്ഞതായാണ് വിവരം. യുക്രെയ്നിലെ സാഹചര്യം ഇരുരാഷ്ട്രത്തലവന്മാരും ചർച്ചചെയ്തെന്നും റഷ്യ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.