ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷൻ (എസ്.സി.ഒ) യോഗം ഇന്ന് ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലാണ് യോഗം. ഉച്ചകോടിയില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംങ്, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ എന്നിവര്‍ പങ്കെടുക്കുമെന്നാണ് വിവരം.
അഫ്ഗാനിസ്ഥാന്‍, തീവ്രവാദം, പ്രാദേശികസുരക്ഷ, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങളാണ് ഉച്ചകോടിയില്‍ രാഷ്ട്രനേതാക്കള്‍ ചര്‍ച്ച ചെയ്യുക. ‘SECURE’ എന്നതാണ് ഉച്ചകോടിയുടെ പ്രമേയം. ഇതില്‍ എസ്: സുരക്ഷ, ഇ: സാമ്പത്തിക വികസനം, സി: കണക്റ്റിവിറ്റി, യു: യൂണിറ്റി, ആര്‍: പരമാധികാരത്തിനും പ്രദേശിക സമഗ്രതക്കുമുള്ള ബഹുമാനം, ഇ: പരിസ്ഥിതി സംരക്ഷണം എന്നിവയെ സൂചിപ്പിക്കുന്നു. ചൈന, റഷ്യ, കസാക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, പാകിസ്ഥാന്‍, താജിക്കിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന്‍ തുടങ്ങിയ എല്ലാ എസ്.സി.ഒ അംഗരാജ്യങ്ങളെയും ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്ത്യ ക്ഷണിച്ചിട്ടുണ്ട്. കൂടാതെ, ഇറാന്‍, ബെലാറസ്, മംഗോളിയ എന്നിവയെ നിരീക്ഷക രാജ്യങ്ങളായും ക്ഷണിച്ചു.
ജൂണ്‍ അവസാനത്തില്‍ വാഗ്നര്‍ വിമതസംഘത്തിന്റെ കലാപത്തെ തകര്‍ത്തതിനു ശേഷം പുടിന്‍ ഒരു അന്താരാഷ്ട്ര പരിപാടിയില്‍ പങ്കെടുക്കുന്നത് ഇതാദ്യമാണ്. ഭീകരര്‍ക്ക് അഭയം നല്‍കിയതിന്റെ പേരില്‍ ആഗോളതലത്തില്‍ ഒറ്റപ്പെട്ട പാക്കിസ്ഥാന്റെ പങ്കാളിത്തത്തിനും ഉച്ചകോടി സാക്ഷ്യം വഹിക്കും.
പാക്കിസ്ഥാനും ചൈനയും ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചുവെന്നതാണ് ഉച്ചകോടിയിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. യോഗത്തില്‍ ജിന്‍പിംങ് സുപ്രധാന പരാമര്‍ശങ്ങള്‍ നടത്തുമെന്നും മറ്റു നേതാക്കളുമായി ചേര്‍ന്ന് സംഘടനയുടെ ഭാവിവളര്‍ച്ചക്കുള്ള കോഴ്സ് ചാര്‍ട്ട് ചെയ്യുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിംഗ് പ്രസ്താവനയില്‍ പറഞ്ഞു.