മെയ് മൂന്നിന് മണിപ്പൂരിൽ ആരംഭിച്ച വംശീയകലാപം അതിരൂക്ഷമായ ഘട്ടത്തിലൂടെ കടന്നുപോകുകയാണ്. പട്ടികവർഗ്ഗ സമുദായത്തിൽ ഉൾപ്പെടുത്തണമെന്ന മെയ്തേയ് സമുദായത്തിന്റെ ആവശ്യത്തിനെതിരെ മണിപ്പൂരിലെ ഓൾ ട്രൈബൽ സ്റ്റുഡന്റ്സ് യൂണിയൻ നടത്തിയ കുക്കി ഐക്യദാർഢ്യ മാർച്ചിനു പിന്നാലെയാണ് സംസ്ഥാനത്ത് സംഘർഷങ്ങൾ ഉടലെടുത്തത്. തുടർന്ന് സംസ്ഥാനത്ത് ഇൻറർനെറ്റ് സേവനങ്ങൾ നിരോധിക്കുന്നതുൾപ്പടെ കടുത്ത നടപടികൾ സ്വീകരിച്ചിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നാലുദിന സന്ദർശനങ്ങൾ നടത്തി സ്ഥിതിഗതികൾ വിലയിരുത്തിയെങ്കിലും ക്രമസമാധാന നില വിണ്ടെടുക്കാൻ സംസ്ഥാനത്തിന് ഇനിയും കഴിഞ്ഞിട്ടില്ല.
വംശീയകലാപം ആരംഭിച്ചിട്ട് രണ്ടു മാസങ്ങൾ പിന്നിടുമ്പോഴും സർക്കാർ സംസ്ഥാനത്തെ കലാപം അവസാനിപ്പിക്കുന്നതിൽ പരാജയപ്പെട്ടിരിക്കുകയാണ്. ഇത് സാധൂകരിക്കുന്ന വെളിപ്പെടുത്തലാണ് സംസ്ഥാന പൊലീസ് നടത്തിയിരിക്കുന്നത്. മണിപ്പൂരിലെ ചില സ്ഥലങ്ങളിൽ സ്ഥിതിഗതികൾ സംഘർഷഭരിതമാണെന്നാണ് പൊലീസിന്റെ വെളിപ്പെടുത്തൽ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ വെടിവയ്പ്പും സംഘട്ടനങ്ങളും ഉണ്ടായതായി പോലീസ് പ്രസ്താവനയിൽ അറിയിച്ചു.
“ചുരാചന്ദ്പൂർ ജില്ലയിലെ സമുലംലം ബ്ലോക്കിലെ സമീപഗ്രാമങ്ങളായ ചിംഗ്ലാങ്മെയ്, ലാങ്സ എന്നിവിടങ്ങളിൽ ജൂലൈ ഒന്നിന്, അർധരാത്രിയിൽ അക്രമികൾ തമ്മിൽ ഇടയ്ക്കിടെ വെടിവയ്പ്പ് നടന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. അക്രമത്തിൽ ഒരാൾ മരിച്ചതായും ഒരാൾക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. സുരക്ഷാസേന ഉടൻ തന്നെ ഓപ്പറേഷൻ ആരംഭിക്കുകയും അക്രമികളെ പിന്തിരിപ്പിക്കുകയും ചെയ്തു” – പൊലീസ് വെളിപ്പെടുത്തി. ഇന്ന്, സായുധരായ അക്രമികൾ ഇംഫാൽ വെസ്റ്റിലെ ലെയ്കിന്താബി, ചിരിക് ഗ്രാമങ്ങൾക്കു നേരെ വെടിയുതിർത്തു. അക്രമികളിൽ ചിലർ ചിരിക് ഗ്രാമത്തിലെ ഫാം ഹൗസുകൾ കത്തിച്ചതായും റിപ്പോർട്ട് ഉണ്ട്. സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തുടനീളം 118 ചെക്ക് പോയിന്റുകൾ സ്ഥാപിക്കുകയും 326 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തതായി പോലീസ് പ്രസ്താവനയിലൂടെ അറിയിച്ചു.
സംസ്ഥാനത്തെ അവസ്ഥ പൊലീസ് വെളിപ്പെടുത്തുമ്പോഴും മണിപ്പൂരിലെ പല സംഭവവികാസങ്ങളും ഇപ്പോഴും ഇരുട്ടിൽത്തന്നെ. അതിൽ പ്രധാനപ്പെട്ടത്, കലാപത്തെ തുടർന്ന് കൊല്ലപ്പെട്ടവരുടെ കൃത്യമായ കണക്കുകൾ വെളിപ്പെടുത്താൻ മടിക്കുകയോ, ബോധപൂർവമായി മറച്ചുവയ്ക്കുകയോ ചെയ്യുന്നു എന്നതാണ്. കൂടാതെ, സംസ്ഥാനത്തെ ബഹുഭൂരിപക്ഷമായ ക്രൈസ്തവർക്കെതിരായ സംഘടിതമായ ആക്രമണങ്ങൾ, നിർബന്ധിത മതപരിവർത്തനം, അടിസ്ഥാന സൗകര്യങ്ങൾ പോലും നിഷേധിക്കപ്പെടുന്ന സാഹചര്യങ്ങൾ എന്നിവയും അതിൽ ഉൾപ്പെടുന്നു. ഇതെല്ലാം നയിക്കുന്നത് സംസ്ഥാനത്ത് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന കൃത്യമായ പദ്ധതികളാണോ എന്നും സംശയിക്കാതിരിക്കാൻ വയ്യ. ഒരു പൗരന് മൗലികാവകാശങ്ങൾ ഉറപ്പു നൽകുന്ന, ഉറച്ച ഭരണഘടനയുള്ള ഒരു ജനാധിപത്യ രാജ്യത്ത് ഇതെല്ലാം തുടർച്ചയായി നിഷേധിക്കപ്പെടുന്നത് വരുംനാളുകളിലെ നീതിനിഷേധങ്ങളിലേക്ക് വിരൽചൂണ്ടുകയാണോ എന്നതും ഒരു ചോദ്യചിഹ്നമായി ഉയരുകയാണ്.