രാഷ്ട്രനിയമങ്ങളും മതനിയമങ്ങളും ഒന്നാണെന്ന് കരുതുന്നിടത്ത് വ്യത്യസ്ത മതവിഭാഗങ്ങൾക്ക് തുല്യ അവകാശങ്ങളില്ല. അവർക്ക് തുല്യ അവസരങ്ങളും ഇല്ല. അത്തരം ചില രാജ്യങ്ങളിൽ ഭൂരിപക്ഷം ഭൂരിപക്ഷമായത് സ്വതസിദ്ധമായതും സ്വാഭാവികവുമായ വളർച്ചയിലൂടെ ആയിരുന്നില്ല. അവിടെ മറ്റ് മതവിശ്വാസികൾ രണ്ടാം തരക്കാരാകുകയും പലപ്പോഴും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നു.
ഒരു രാഷ്ട്രം ഒരു നിയമം എന്നതും ഒരു സംസ്ക്കാരം, ഒരു മതം, ഒരു ആചാരരീതി, ഒരു വസ്ത്രധാരണം എന്നതും ഒന്നല്ല. രണ്ടും രണ്ടു കാര്യങ്ങളാണ്. ഒരു രാഷ്ട്രത്തിനു ഒരു നിയമം എന്നത് പല രാഷ്ട്രങ്ങളും പൊതുവെ അനുവർത്തിക്കുന്ന തത്വമാണ്; നയമാണ്. അത് രാഷ്ട്രമെന്ന നിലയിലുള്ള സാമൂഹ്യജീവിതത്തിനുള്ള മാർഗ്ഗരേഖയാണ്. ഒരു രാജ്യം ഒരു നിയമം എന്നത് മനുഷ്യാവകാശങ്ങളിൽ തുല്യത നൽകുന്ന വ്യവസ്ഥിതി വാഗ്ദാനം ചെയ്യുന്ന മാർഗരേഖ തന്നെ. വിവിധ മത-പാരമ്പര്യങ്ങളും സംസ്കാര-പാരമ്പര്യങ്ങളും ആചാരാനുഷ്ഠാനങ്ങളും സ്വന്തമായി സ്വീകരിച്ചവർ പൊതുവായി അംഗീകരിക്കുന്നതും അനുവർത്തിക്കുന്നതുമായ ക്രമചട്ടങ്ങളാണ് രാഷ്ട്രനിയമങ്ങൾ.
സംസ്കാരങ്ങളും ആചാരങ്ങളും മറ്റു സംസ്ക്കാരങ്ങളുമായും ആചാരങ്ങളുമായും അനുരൂപപ്പെടാനും സമന്വയിക്കാനും പ്രാപ്തിയുള്ളവയാണ്. അതുകൊണ്ടു സംസ്കാരങ്ങൾ പരിണാമത്തിനും അനുരൂപണത്തിനും നിരന്തരം വിധേയമായതുകൊണ്ടു സ്വന്തമായ നിയമമോ ചട്ടങ്ങളോ സംസ്കാരം അനിർവാര്യമാക്കുന്നില്ല. രാഷ്ട്രത്തിന്റെയോ ഗോത്രനേതൃത്വത്തിന്റെയോ അതുപോലുള്ള മറ്റു ഭരണസംവിധാനങ്ങളുടെയോ കൂടെനടക്കുന്നതും അവയെ അലങ്കരിക്കുന്നതുമായ ഭാവരൂപങ്ങളാണ് സംസ്ക്കാരത്തിനുള്ളത്.
എന്നാൽ മതം മനുഷ്യന്റെ സ്വാതന്ത്ര്യത്തിനനുസരിച്ച് ഒരുവന് തിരഞ്ഞെടുക്കാനും ഉപേക്ഷിക്കാനും സാധിക്കുന്ന വിശ്വാസസംഹിതയാണ്. വിശ്വാസതീഷ്ണതയിൽ കുറയുകയോ കൂടുകയോ പൂർണ്ണമായി ഉപേക്ഷിക്കുകയോ ചെയ്യാവുന്ന സ്വതന്ത്രമായ തിരഞ്ഞെടുപ്പ് ആണ് മതം. അതുകൊണ്ട് വിവിധ മതങ്ങളും വിവിധ സംസ്കാരങ്ങളും വിവിധ ആചാരങ്ങളും നിലനിർത്തിക്കൊണ്ടുതന്നെ ഒരു രാഷ്ട്രം ഒരു നിയമം എന്ന തത്വം പ്രാബല്യത്തിൽ വരുത്തേണ്ടത് മനുഷ്യാവകാശ സംരക്ഷണത്തിന് അനിർവാര്യമാണ്.
ആയതിനാൽ മതനിയമങ്ങൾ രാഷ്ട്രമെന്ന നിലയിലുള്ള പൊതു തത്വങ്ങൾക്കും സാമൂഹ്യവ്യവസ്ഥിതിക്കും ഒരു തരത്തിലും എതിരായിക്കൂടാ. രാഷ്ട്ര നിലപാടുകൾക്കും രാഷ്ട്ര വ്യവസ്ഥിതിക്കും മതനിയമങ്ങൾമൂലം ക്ഷതം സംഭവിച്ചുകൂടാ. മതവും സംസ്കാരവും ആചാരങ്ങളും അംഗീകരിക്കുന്നതോടുകൂടി പൊതുതാല്പര്യങ്ങൾക്കുവേണ്ടിയും സാമൂഹ്യ വ്യവസ്ഥിതിയുടെ സുഗമമായ നിലനിൽപ്പിനും വളർച്ചക്കും വേണ്ടിയും അവയുടെ വൈവിധ്യങ്ങളെ ഏകോപിപ്പിക്കാനും നിയന്ത്രിക്കാനും രാഷ്ട്രീയ നിയമങ്ങൾ അഥവാ ഏക സിവിൽ കോഡ് ആവശ്യമാണ്.
സാവകാശം ഭൂമിയിലുള്ള എല്ലാ രാഷ്ട്രങ്ങളും പൊതുവായ ഒരേ നിയമങ്ങൾ പാലിക്കുന്ന ഒരു കാലമാണ് ഭാവിയിൽ ഉണ്ടാകേണ്ടത്. അതായത് എല്ലാ രാജ്യങ്ങൾക്കും ബാധകമായ ഏക സിവിൽ കോഡ് ആണ് ആവശ്യം. ഐക്യരാഷ്ട്രസഭ പോലുള്ള സംഘടനകൾ അക്കാര്യത്തിനായി മുന്നോട്ടു വരേണ്ടതാണ്. കാരണം പരസ്പര സഹകരണവും കുടിയേറ്റവും അത്രമാത്രം കൂടുതലാണ് ഈ കാലഘട്ടത്തിൽ. കുടിയേറ്റം എല്ലാ രാജ്യങ്ങൽക്കും പൊതുവായ ഏക സിവിൽ കോഡ് അനിർവാര്യമാക്കുന്നു. കാരണം ഒരു രാഷ്ട്രത്തിൽ വ്യത്യസ്ത മതവിഭാഗങ്ങളിലുള്ളവരും വ്യത്യസ്ത സംസ്ക്കാരങ്ങങ്ങളുള്ളവരും ഒരുമിച്ചു വസിക്കുന്നു. ഓരോ മതവിഭാഗത്തിലുള്ളവർ ഓരോ രാജ്യത്തേക്കും കുടിയേറിയിട്ടു സ്വന്തം മതത്തിന്റെ നിർദേശങ്ങളും നിയമങ്ങളും രാഷ്ട്രനിയമങ്ങൾക്കതീതമായി പാലിക്കാൻ ശ്രമിച്ചാൽ അരാജകത്തമാകും ഫലം. എല്ലാ രാജ്യങ്ങളിലും ഏക നിയമം ആണെങ്കിൽ കുടിയേറുന്ന രാജ്യങ്ങളിൽ എളുപ്പത്തിൽ പൊരുത്തപ്പെടാൻ പൗരന് കഴിയും. സ്വന്തം മതവിശ്വാസം നിലനിർത്തിക്കൊണ്ടു നടക്കുന്ന മിശ്രവിവാഹങ്ങൾ ഏക സിവിൽ കോഡാണെങ്കിൽ സമൂഹജീവിതം എളുപ്പമാക്കും. ഇതുപോലെ കാരണങ്ങളും ഉദാഹരണങ്ങളും നിരത്താൻ ധാരാളമുണ്ട്.
രാഷ്ട്ര നിയമങ്ങളും മത നിയമങ്ങളും രണ്ടും ഒന്നാണെന്ന് കരുതുന്ന ചുരുക്കം ചില രാഷ്ട്രങ്ങളുണ്ട്. അവിടെ മതനിയമങ്ങൾ മാറ്റമില്ലാതെ തുടരുന്നു. മതങ്ങളുടെ പരിണാമം സംസ്ക്കാരങ്ങളുടെ പരിണാമങ്ങളേക്കാൾ സാവകാശമാണെന്ന് പഠനങ്ങൾ സാക്ഷിക്കുന്നു. ചിലവ പരിണമിക്കാൻ മതനേതാക്കൾ അനുവദിക്കാറില്ല. രാഷ്ട്രനിയമങ്ങളും മതനിയമങ്ങളും ഒന്നാണെന്ന് കരുതുന്നിടത്ത് വ്യത്യസ്ത മതവിഭാഗങ്ങൾക്ക് തുല്യ അവകാശങ്ങളില്ല. അവർക്ക് തുല്യ അവസരങ്ങളും ഇല്ല. ന്യുനപക്ഷങ്ങൾ അവിടെ അവഗണിക്കപ്പെടുന്നുണ്ട്; ചിലപ്പോൾ പീഡിപ്പിക്കപ്പെടുന്നുമുണ്ട്. അത്തരം ചില രാജ്യങ്ങളിൽ ഭൂരിപക്ഷം ഭൂരിപക്ഷമായത് സ്വതസിദ്ധമായതും സ്വാഭാവികവുമായ വളർച്ചയിലൂടെ ആയിരുന്നില്ല. ചരിത്രത്തിൽ സംഭവിച്ചിട്ടുള്ള ഇത്തരം തെറ്റുകൾ തിരുത്തുക എളുപ്പമല്ല. അവിടെ മതനിയമങ്ങൾ രാഷ്ട്രനിയമങ്ങളെ സ്വാധീനിക്കുന്നു. മതരാഷ്ട്രമായി അവർ നിലകൊള്ളുന്നു. അവിടെ മറ്റ് മതവിശ്വാസികൾ രണ്ടാം തരക്കാരാകുകയും പലപ്പോഴും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നു. എന്നാൽ അവരും സാവകാശം സംസ്കാരത്തിലും വിദ്യാഭ്യാസത്തിലും മാനവികതയിലും വളരുന്നതിനനുസരിച്ചു രണ്ടും രണ്ടായി കാണാനുള്ള, രാഷ്ട്രവും മതവും രണ്ടായി കാണാനുള്ള, മാനസിക പക്വതയിലേക്കും ബൗദ്ധിക വിജ്ഞാനത്തിലേക്കും വളരുകയും ഉണരുകയും ചെയ്യും. ചില പ്രദേശങ്ങളിൽ അതിനുള്ള തുടക്കം കണ്ടു തുടങ്ങി.
അതെസമയം മറ്റൊരു ചിന്താധാരക്കും പ്രസക്തിയുണ്ട്. സംസ്ക്കാരവും ഭാഷയും മതങ്ങളും തമ്മിൽ ബന്ധമുണ്ട്. സംസ്ക്കാരം മതങ്ങളെ ജനിപ്പിക്കുന്നുവെന്നോ മതങ്ങൾ സംസ്കാരങ്ങളെ ജനിപ്പിക്കയും വളർത്തുകയും ചെയ്യുന്നുവെന്നോ പറയാം. ബഹുസ്വരത ഭാഷയിലും ഭക്ഷണത്തിലും വിശ്വാസപ്രമാണത്തിലും ജീവിതശൈലിയിലും ജീവിത വീക്ഷണത്തിലും ഉണ്ടാകും. ആദിവാസിയും ദളിതനും ആര്യനും ദ്രവീഡനും മുസൽമാനും ബുദ്ധനും ജൈനനും ക്രിസ്ത്യാനിയും ആഗ്ലോ ഇന്ത്യനും ഒക്കെ ഇടകലർന്നു ജീവിക്കുന്ന, തനതായ രീതികൾ തുടരുന്ന മഹാരാജ്യമാണ് ഇന്ത്യ. വൈവിദ്യം സൗന്ദര്യമാണ്. ബഹുസ്വരത ശക്തിയാണ്. നാനാത്വം വിശാലതയും സഹിഷ്ണതയുടെ പടവും ആണ്. എന്നാൽ അതിന്റെ പേരിൽ പൊതുതത്വങ്ങൾ ഉപേഷിച്ചുകൂടാ.
മതത്തിന്റെയും വിശ്വാസത്തിന്റെയും പേരിൽ നടന്ന നരബലിയും സതിയുമൊക്കെ നിർമ്മാജനം ചെയ്തതുപോലെ മതത്തിന്റെ പേരിൽ നടക്കുന്ന പലതും ഇനിയും ഇല്ലാതാക്കേണ്ടതുണ്ട്. അതുകൊണ്ടു ഏക സിവിൽ നിയമം വരേണ്ടത് വ്യ്കതികളുടെയും സമൂഹത്തിന്റെയും സ്വാതന്ത്ര്യവും വളർച്ചയും ഉറപ്പുവരുത്തുവാൻ അത്യാവശ്യാമാണ്.
ഏക നിയമം (സിവിൽ കോഡ് ) നിലവിൽ വന്നാൽ അത് ഏറ്റവുമധികം ബാധിക്കുന്നത് വിവിധ വർണ്ണങ്ങളിൽ പടർന്നു പന്തലിച്ചു കിടക്കുന്ന ഭൂരിപക്ഷമായ ഹിന്ദുക്കളെ ആയിരിക്കും; രണ്ടാമതായി മുസൽമാന്മാരെയും. അതായത് ഇന്ത്യൻ ജനസംഖ്യയുടെ ഭൂരിപക്ഷത്തിനും അവർ പലയിടങ്ങളിലും പല സമൂഹങ്ങളിലും പാലിക്കുന്ന നിയമങ്ങളിലെ പല വൈവിധ്യങ്ങളെയും ഉപേക്ഷിക്കേണ്ടി വരും. അത് ആവശ്യവുമാണ്. എല്ലാവർക്കും ഒരു കിണറിൽ നിന്നും വെള്ളം കുടിക്കാൻ സാധിക്കണം. എല്ലാവർക്കും ഒരേ മേശക്കൽ ഭക്ഷണത്തിനിരിക്കാൻ പറ്റണം. എല്ലാവർക്കും ഒരേ സ്കൂളിൽ ഒരു ബഞ്ചിലിരുന്ന് പഠിക്കാൻ സാധിക്കണം. എല്ലാവർക്കും ഒരേ അവസരവും ഒരേ സ്ഥാനവും സമൂഹത്തിൽ ലഭിക്കണം. ഇതൊക്കെ ഒരു നിയമം ആവശ്യപ്പെടുന്നവർ സമ്മതിച്ചുതരുമെന്നു ഉറപ്പുതരണം. സവർണ്ണ മേധാവിത്തത്തിനു ഇട വരില്ലെന്നും ഉറപ്പ് വരുത്തണം.
ഭരഘടന ഉണ്ടായിട്ടു മുക്കാൽ നൂറ്റാണ്ട് ആയിട്ടും 44- മത്തെ വകുപ്പിൽ പറയുന്ന ഏകീകൃത സിവിൽ നിയമം ഉണ്ടാക്കാൻ സാധിക്കാത്തതിന് കാരണം പ്രീണന രാഷ്ട്രീയവും അതുവഴിയുള്ള രാഷ്ട്രീയ മുതലെടുപ്പുമാണ്. ഇപ്പോൾ ഏകീകൃത സിവിൽ നിയമത്തിന് എതിര് നിൽക്കുന്ന രാഷ്ട്രീയ പാർട്ടികളും അത് നടപ്പാക്കണമെന്ന് പറയുന്ന രാഷ്ട്രീയ പാർട്ടികളും ലക്ഷ്യം വക്കുന്നത് അടുത്ത തിരഞ്ഞെടുപ്പ് മാത്രമാണ്; സമൂഹത്തോടുള്ള പ്രതിബദ്ധതയല്ല. അതുകൊണ്ടു എകീക്രുത സിവിൽ നിയമം ഉണ്ടാക്കാൻ മുന്നിട്ടിറങ്ങേണ്ടത് ന്യൂനപക്ഷമാണ്. അല്ലെങ്കിൽ ഭൂരിപക്ഷ വർഗീയതയ്ക്ക് ഈ നിയമം ഉപകരണമാക്കിയെന്നു വരാം. ഏകീകൃത സിവിൽ കോഡ് ഒരു പ്രത്യേക വിഭാഗത്തിന്റെ നിയമം ആയെന്നു വരും.
ഭൂരിപക്ഷ വർഗീയതയെ ചെറുക്കാൻ ഏക സിവിൽ കോഡ് എങ്ങനെ എല്ലാ തട്ടുകളിലും പ്രായോഗികമായി നടപ്പാക്കാൻ സാധിക്കുമെന്ന ചർച്ചയും സംവാദവും തുടങ്ങാനും തുടരാനും ന്യൂനപക്ഷങ്ങൾ മുന്നിട്ടിറങ്ങണം. ഏക സിവിൽ കോഡിനെ എതിർത്ത് തോൽപ്പിക്കുമെന്നു പറഞ്ഞു തെരുവിലിറങ്ങുകയല്ല വേണ്ടത്.
രാഷ്ട്രീയ നേട്ടത്തിനും ദുർബല വിഭാഗങ്ങളെ ചൂക്ഷണം ചെയ്ത് സ്വാർത്ഥ താല്പര്യങ്ങൾ നേടുന്നതിനും വേണ്ടി ന്യൂനപക്ഷങ്ങളുടെ നേതാക്കൾ ഇനിയും തങ്ങളിൽ വിശ്വാസം അർപ്പിക്കുന്നവർക്ക് പഞ്ചസാരയിൽ പൊതിഞ്ഞു വിഷം കൊടുക്കരുത്. അണികളെ വിഡ്ഢികളാക്കരുത്. ന്യൂനപക്ഷങ്ങളുടെ നേതാക്കൾ നേർവഴിക്കു തിരിഞ്ഞില്ലെങ്കിൽ ചരിത്രം അവർക്ക് മാപ്പു കൊടുക്കില്ല.
ജോസഫ് പാണ്ടിയപ്പള്ളിൽ