ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്സിഒ) ഉച്ചകോടിയില്‍ ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവിനെ (ബിആർഐ) പിന്തുണയ്ക്കാന്‍ മടിച്ച് ഇന്ത്യ. ഇതോടെ ബിആർഐ അംഗീകരിക്കാത്ത എസ്സിഒ ഉച്ചകോടിയിലെ ഏകരാഷ്ട്രമായി ഇന്ത്യ മാറി. അതേസമയം ഇന്ത്യ ഒഴികെയുള്ള എല്ലാ അംഗരാജ്യങ്ങളും സംയുക്ത പ്രഖ്യാപനത്തിൽ ചൈനയുടെ ബിആർഐയെ പിന്തുണച്ചു.
“ചൈനയുടെ ‘ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവ്’ (BRI) സംരംഭത്തിൽ റിപ്പബ്ലിക് ഓഫ് കസാക്കിസ്ഥാൻ, കിർഗിസ് റിപ്പബ്ലിക്, ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് പാക്കിസ്ഥാൻ, റഷ്യൻ ഫെഡറേഷൻ, റിപ്പബ്ലിക് ഓഫ് താജിക്കിസ്ഥാൻ, റിപ്പബ്ലിക് ഓഫ് ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങൾ വീണ്ടും പിന്തുണ ഉറപ്പിച്ചു” – സമ്മേളനത്തിനു ശേഷം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. “താൽപര്യമുള്ള അംഗരാജ്യങ്ങൾ അംഗീകരിച്ച എസ്സിഒ സാമ്പത്തിക വികസനതന്ത്രം 2030 നടപ്പിലാക്കുന്നതും ഡിജിറ്റൽ സമ്പദ്വ്യവസ്ഥ, ധനകാര്യം, ഊർജ്ജം, ഭക്ഷ്യസുരക്ഷ, ആധുനികവത്ക്കരണം തുടങ്ങി നിരവധി മേഖലകളിൽ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള പദ്ധതികൾ നടപ്പാക്കുന്നത് ഉറപ്പാക്കേണ്ടതും പ്രധാനമാണെന്ന് പ്രഖ്യാപനത്തിൽ പറയുന്നു.
എസ്സിഒ ചാർട്ടറിന്റെ അടിസ്ഥാന തത്വങ്ങൾ, പ്രത്യേകിച്ച് അംഗരാജ്യങ്ങളുടെ പരമാധികാരവും പ്രദേശിക സമഗ്രതയും, കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തുമ്പോൾ, അത് മാനിക്കേണ്ടത് അനിവാര്യമാണെന്ന് ഉച്ചകോടിയിലെ ഉദ്ഘാട പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രി മോദിയുടെ അദ്ധ്യക്ഷതയിൽ നടന്ന ഉച്ചകോടിയിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ്, റഷ്യൻ പ്രധാനമന്ത്രി വ്ളാഡിമിർ പുടിൻ, പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, ഗ്രൂപ്പിലെ മറ്റ് നേതാക്കൾ എന്നിവർ പങ്കെടുത്തു.