മോസ്കോയില്‍ ഡ്രോണ്‍ ആക്രമണം നടന്ന സംഭവത്തില്‍ യുഎസിന്റെയും നാറ്റോയുടെയും സഹായം യുക്രൈന് ലഭിച്ചതായി റഷ്യയുടെ ആരോപണം. യുക്രൈൻ നടത്തിയ ഡ്രോണ്‍ ആക്രമണശ്രമം തകര്‍ത്തതിനു പിന്നാലെയാണ് റഷ്യ ആരോപണം ഉന്നയിച്ചത്. ചൊവ്വാഴ്ചയാണ് മോസ്കോയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിനു നേരെ യുക്രൈൻ ആക്രമണം നടത്തിയത്.
“യുഎസും നാറ്റോ സഖ്യകക്ഷികളും കീവ് ഭരണകൂടത്തിനു നൽകുന്ന സഹായമില്ലാതെ ഈ ആക്രമണങ്ങൾ സാധ്യമാകില്ല. പടിഞ്ഞാറൻ രാജ്യങ്ങൾ ഡ്രോൺ ഉപയോഗിക്കാൻ പരിശീലിപ്പിക്കുകയും ആക്രമണങ്ങൾ നടത്താൻ ആവശ്യമായ സഹായം നൽകുകയും ചെയ്യുന്നു” – റഷ്യന്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. യുക്രൈന് ചൊവ്വാഴ്ച തൊടുത്ത അഞ്ച് ഡ്രോണുകളും തകർത്തതായും ആക്രമണത്തിൽ നാശനഷ്ടങ്ങളോ, ആളപായമോ ഉണ്ടായിട്ടില്ലെന്നും റഷ്യൻ സൈന്യം അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നാറ്റോക്കും യുഎസിനുമെതിരെ ആരോപണവുമായി റഷ്യ രംഗത്തെത്തിയത്.
അതേസമയം, കിഴക്കൻ ഖാർകീവ് മേഖലയിലെ പെർവോമൈസ്കി പട്ടണത്തിൽ റഷ്യ നടത്തിയ ആക്രമണത്തിൽ 12 കുട്ടികളടക്കം 43 പേർക്ക് പരിക്കേറ്റതായി യുക്രൈൻ അറിയിച്ചു. പ്രദേശിക സമയം ഉച്ചക്ക് ഒന്നരക്കായിരുന്നു ആക്രമണം. ഒരു പാർപ്പിട സമുച്ചയത്തിന്റെ കാർ പാർക്കിംഗ് ഏരിയയിലാണ് മിസൈൽ പതിച്ചത്. പരിക്കേറ്റവരിൽ ഒരു വയസ്സുകാരനും പത്തു മാസം പ്രായമുള്ള കുട്ടിയുമുണ്ടെന്നാണ് റിപ്പോർട്ട്.