ആഫ്രിക്കന്‍ വംശജനായ 17-കാരന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചുള്ള പ്രക്ഷോഭം അടിച്ചമര്‍ത്തി ഫ്രഞ്ച് ഭരണകൂടം. പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെ നിര്‍ദേശാനുസരണം ഫ്രാന്‍സിലെമ്പാടുമായി 45,000 പോലീസുകാരെ വിന്യസിപ്പിച്ചാണ് പ്രക്ഷോഭം അടിച്ചമര്‍ത്തിയത്. പ്രതിഷേധത്തിന്റെ മറവില്‍ രാജ്യത്തെ വിവിധ ഇടങ്ങളില്‍ കൊള്ളയും തീവയ്പ്പും തുടരുന്ന സാഹചര്യത്തിലാണ് നടപടി.
ആക്രമിക്കുന്നവര്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കുമെന്നുള്ള നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഫ്രഞ്ച് ഭരണകൂടത്തിന്റെ നീക്കം. കിഴക്കന്‍ ഫ്രാന്‍സിലെ മെറ്റ്‌സില്‍ ഒരു ലൈബ്രറി കെട്ടിടത്തിന് തീയിട്ട കലാപകാരികളെ പിടിച്ചുകൊണ്ടാണ് പോലീസ് നടപടി ആരംഭിച്ചത്. പോലീസ് സ്റ്റേഷനുകളും സിറ്റി ക്ലബ്ബുകളും ആക്രമിച്ച ആളുകളെയും ഉടന്‍ കണ്ടുപിടിക്കുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, ഫ്രഞ്ച് പോലീസിനെതിരെ പ്രതിഷേധക്കാര്‍ രംഗത്തെത്തിയിട്ടുണ്ട്. കഴുകന്‍ വേട്ടയാടുന്ന പോലെ പോലീസ് വേട്ടയാടുകയാണെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു.