Tuesday, November 26, 2024

വരയുടെ പരമശിവന്‍ ആർട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു

‘ചിത്രകലയുടെ പരമശിവൻ’ എന്നറിയപ്പെട്ടിരുന്ന അതുല്യപ്രതിഭ ആർട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു. ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് മലപ്പുറത്തുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ രാത്രി 12.21-നായിരുന്നു അന്ത്യം. 97 വയസായിരുന്നു അദ്ദേഹത്തിന്.

1925 സെപ്തംബര്‍ 13-ന് പൊന്നാനി കരുവാട്ടില്ലത്ത് പരമേശ്വരന്‍ നമ്പൂതിരിയുടെയും ശ്രീദേവി അന്തര്‍ജനത്തിന്റെയും മകനായാണ് വാസുദേവന്‍ നമ്പൂതിരിയുടെ ജനനം. മദ്രാസ് ഫൈന്‍ ആര്‍ട്‌സ് കോളജില്‍ നിന്നും ചിത്രകല പഠിച്ചശേഷം 1960-ല്‍ മാതൃഭൂമിയില്‍ രേഖാചിത്രകാരനായതോടെയാണ് വഴിത്തിരിവുണ്ടായത്. വരയും പെയിന്റിങ്ങും ശില്പവിദ്യയും കലാസംവിധാനവും ഉൾപ്പെടെ കൈവച്ച മേഖലകളിലെല്ലാം ആർട്ടിസ്റ്റ് നമ്പൂതിരി കഴിവുതെളിയിച്ചു.

തകഴി, എം.ടി., ബഷീർ, പൊറ്റക്കാട് തുടങ്ങി പ്രമുഖരുടെ കൃതികൾക്കായി അദ്ദേഹം ചിത്രങ്ങള്‍ വരച്ചു. എം.ടിയുടെ രചനകൾക്ക് നമ്പൂതിരി വരച്ച ചിത്രങ്ങൾ ഏറെ പ്രശംസകൾ ഏറ്റുവാങ്ങിയിരുന്നു. ശങ്കരാചാര്യരുടെ സൗന്ദര്യലഹരി അടിസ്ഥാനമാക്കി വരച്ച പെയ്ന്റിങ് ഏറെ പ്രശസ്തമാണ്. രണ്ടാമൂഴത്തിലെ ദ്രൗപദിയും മറ്റു കഥാപാത്രങ്ങളും അദ്ദേഹത്തിന്റെ കൈകളിലൂടെ ജീവൻ കൊണ്ടു. അരവിന്ദന്റെ ഉത്തരായനം, കാഞ്ചനസീത സിനിമകളുടെ കലാസംവിധായകനായും പ്രവർത്തിച്ചിരുന്നു. രാജാ രവിവർമ്മാ പുരസ്കാരം നേടിയ ആർട്ടിസ്റ്റ് നമ്പൂതിരി കലാസംവിധായകനുള്ള സംസ്ഥാന ചലച്ചിത്രപുരസ്കാരവും നേടിയിട്ടുണ്ട്.

Latest News